'പാലക്കാട്ടെ റെയ്ഡിന് പിന്നിൽ എം.ബി രാജേഷും അളിയനും'; രൂക്ഷ വിമർശനവുമായി വി.ഡി സതീശൻ
|"ഞങ്ങളെങ്ങനെയാ ഈ ഇലക്ഷൻ നടത്തുന്നത് എന്ന് ഞങ്ങൾക്കറിയാം, ആരാണ് പണമൊഴുക്കുന്നത് എന്നറിയാൻ പാലക്കാട് ചെന്ന് നോക്കണം"
തിരുവനന്തപുരം: പാലക്കാട് പൊലീസ് നടത്തിയ നാടകത്തിന് പിന്നിൽ മന്ത്രി എംബി രാജേഷാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. എം.ബി രാജേഷും ഭാര്യാ സഹോദരനും ബിജെപി നേതാക്കളുമാണ് തിരക്കഥയ്ക്ക് പിന്നിലെന്നും രാജേഷ് മന്ത്രിസ്ഥാനം രാജിവെയക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. ചരിത്രത്തിൽ നടന്നിട്ടില്ലാത്ത ഗൂഢാലോചനയാണിതെന്നായിരുന്നു സതീശന്റെ പ്രതികരണം.
സതീശന്റെ വാക്കുകൾ :
"പാലക്കാട്ടെ റെയ്ഡിന് പിന്നിൽ മന്ത്രി എം.ബി രാജേഷും ഭാര്യാസഹോദരനുമാണ്. അതിന് പിന്തുണ കൊടുത്തത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘവും. അവരാണ് രാത്രി പൊലീസിനെ കയറ്റി സ്ത്രീകളെ മുഴുവൻ അപമാനിച്ചത്. മന്ത്രി രാജി വയ്ക്കണം എന്നാണ് ഞങ്ങളുടെ ആവശ്യം. മുഴുവൻ റെയ്ഡ് ചെയ്തിട്ട് ഒന്നും കിട്ടിയില്ല എന്ന് എഴുതി കൊടുത്തിരിക്കുന്നു.
ഞങ്ങളെങ്ങനെയാ ഈ ഇലക്ഷൻ നടത്തുന്നത് എന്ന് ഞങ്ങൾക്കറിയാം. പാലക്കാട് ചെന്ന് നോക്കണം ആരാണ് പണമൊഴുക്കുന്നത് എന്നറിയാൻ. കോൺഗ്രസിന്റെ പുറകെ കൂടിയിരിക്കുകയാണ് സിപിഎം ബിജെപിയെ രക്ഷിക്കാൻ. കൊടകരക്കേസിലെ നാണക്കേടിൽ നിന്ന് സുരേന്ദ്രനെ രക്ഷിക്കണമല്ലോ. അതിന് വേണ്ടി നടത്തിയ പാതിരാ നാടകമായിരുന്നു ഇന്നലത്തേത്.
റുട്ടീൻ പരിശോധന എന്നല്ലേ പൊലീസ് പറഞ്ഞേ. എന്നിട്ട് പി.കെ ശ്രീമതിയുടെ മുറി പരിശോധിച്ചില്ലല്ലോ. ടി.വി രാജേഷിന്റെ മുറി പരിശോധിച്ചിട്ടില്ലല്ലോ. ബഹളം തുടങ്ങിയപ്പോൾ കുറച്ച് മുറിയിൽ കയറി എന്ന് വരുത്തിത്തീർത്തു. രാത്രി വന്ന് വാതിലിൽ മുട്ടിയാൽ ആത്മാഭിമാനം ഉള്ള ആരെങ്കിലും വാതിൽ തുറക്കുമോ. മഫ്തി വേഷത്തിൽ വന്ന പൊലീസുകാരന്റെ കയ്യിൽ ഐഡി കാർഡ് പോലും ഇല്ലായിരുന്നു. സ്ത്രീകളെ അപമാനിക്കാൻ ശ്രമിച്ച എംബി രാജേഷ് ഒരു നിമിഷം പോലും ഇനി ആ സ്ഥാനത്തിരിക്കരുത്.
റെയ്ഡ് നടത്തിയ ഹോട്ടലിന് മുന്നിൽ എന്തായിരുന്നു അവസ്ഥ. ഞങ്ങളുടെ എംപിമാരൊക്കെ എപ്പോഴാ എത്തിയത്? അവരെത്തുമ്പോൾ ബിജെപിയും സിപിഎമ്മും കൂടിച്ചേർന്ന് നിൽക്കുകയായിരുന്നു അവിടെ. റെയ്ഡിന്റെ വിവരം അവരെങ്ങനെ അറിഞ്ഞു? കൈരളി ടിവി പോലും അവിടെ ഉണ്ടായിരുന്നു.
പൊലീസ് വരുന്നതിന് മുമ്പേ വന്ന് വാതിൽക്കൽ നിൽക്കുകയായിരുന്നു കൈരളി ടിവി. അവർക്കെവിടുന്നാ വിവരം നേരത്തേ കിട്ടിയത്. കൈരളിയുടെ ഓഫീസിൽ വിളിച്ചു പറഞ്ഞിട്ടാണോ കേരള പൊലീസ് റെയ്ഡ് നടത്തുന്നത്. കൈരളിയെയും സിപിഎമ്മിനെയും ബിജെപിയെയും അറിയിച്ചിട്ടാണ് പൊലീസ് റെയ്ഡ് നടത്തിയത്. അതിന് പിന്നിൽ ഗൂഢാലോചന അല്ലാതെന്താണ്?"
ഹോട്ടലിൽ നടന്നത് സാധാരണ പരിശോധനയാണെന്നും കോൺഗ്രസ് റെയ്ഡ് അട്ടിമറിച്ചെന്നുമായിരുന്നു മന്ത്രി എംബി രാജേഷിന്റെ പ്രതികരണം. കോൺഗ്രസ് നേതാക്കളുടെ മുറികളിൽ മാത്രമല്ല, സിപിഎം നേതാക്കളുടെ മുറികളിലും പൊലീസ് പരിശോധന നടത്തിയെന്നും മന്ത്രി പറഞ്ഞു.