Kerala
പെരിയ ഇരട്ടകൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാർക്ക് ജില്ലാ ആശുപത്രിയിൽ നിയമനം നൽകിയ സംഭവം കൊലപാതക രാഷ്ട്രീയത്തിന് വെള്ളവും വളവും നൽകുന്ന നടപടി- വി.ഡി. സതീശൻ
Kerala

പെരിയ ഇരട്ടകൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാർക്ക് ജില്ലാ ആശുപത്രിയിൽ നിയമനം നൽകിയ സംഭവം കൊലപാതക രാഷ്ട്രീയത്തിന് വെള്ളവും വളവും നൽകുന്ന നടപടി- വി.ഡി. സതീശൻ

Web Desk
|
21 Jun 2021 8:15 AM GMT

സംസ്ഥാനത്ത് സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള നിയമനങ്ങളിൽ നടക്കുന്ന സ്വജനപക്ഷപാതത്തിനുള്ള ഒടുവിലത്തെ ഉദാഹരണമാണ് ജില്ലാ ആശുപത്രിയിലെ ഈ നിയമനം.

പെരിയ ഇരട്ടകൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാർക്ക് കാസർകോട് ജില്ലാ ആശുപത്രിയിൽ നിയമനം നൽകിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

സംസ്ഥാനത്ത് സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള നിയമനങ്ങളിൽ നടക്കുന്ന സ്വജനപക്ഷപാതത്തിനുള്ള ഒടുവിലത്തെ ഉദാഹരണമാണ് ജില്ലാ ആശുപത്രിയിലെ ഈ നിയമനമെന്നും അദ്ദേഹം പറഞ്ഞു.

ഇത് കൊലപാതക രാഷ്ട്രീയത്തിന് വെള്ളവും വളവും നൽകുന്ന നടപടിയാണെന്നും തദ്ദേശസ്വയംഭരണ വകുപ്പ് ഇടപെട്ട് ഈ നിയമനങ്ങൾ റദ്ദാക്കണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്-ശരത്ത് ലാൽ വധകേസിൽ പ്രതികളായ ഒന്നാം പ്രതി പീതാംബരന്റെ ഭാര്യ പി. മഞ്ജുഷ, രണ്ടാം പ്രതി സജി സി. ജോർജിന്റെ ഭാര്യ ചിഞ്ചു ഫിലിപ്പ്, മൂന്നാം പ്രതി കെ.എം. സുരേഷിന്റെ ഭാര്യ എസ്. ബേബി എന്നിവർക്ക് ജില്ലാ ആശുപത്രിയിൽ ശുചീകരണ തൊഴിലാളികളായി നിയമനം നൽകിയത്. ആറുമാസത്തേക്കാണ് നിയമനം നൽകിയത്. സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് യുഡിഎഫ് പ്രവർത്തകരുടെയും നേതാക്കളുടെയും ഭാഗത്ത് നിന്നുണ്ടായത്. സംഭവത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ജില്ലാ ആശുപത്രിയിലേക്ക് മാർച്ച് നടത്തിയിരുന്നു. യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ജില്ലാ പഞ്ചായത്ത് ഓഫീസിലേക്കും മാര്‍ച്ച് നടത്തിയിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാർക്ക് കാസർഗോഡ് ജില്ലാ ആശുപത്രിയിൽ വഴിവിട്ട നിയമനം നൽകിയതിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തണം. 450 അപേക്ഷകരിൽ നിന്നും സിപിഎമ്മിന് താല്പര്യമുള്ളവരെ മാത്രം തിരഞ്ഞുപിടിച്ച് നിയമനം നടത്തിയത് നിയമന പ്രക്രിയ അപഹാസ്യമാക്കിയും, ഉദ്യോഗാർത്ഥികളെ കബളിപ്പിച്ചുമാണ്. സംസ്ഥാനത്ത് സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള നിയമനങ്ങളിൽ നടക്കുന്ന സ്വജനപക്ഷപാതത്തിനുള്ള ഒടുവിലത്തെ ഉദാഹരണമാണ് ജില്ലാ ആശുപത്രിയിലെ ഈ നിയമനം.

അക്രമരാഷ്ട്രീയത്തിന് കുട പിടിച്ചു കൊടുക്കുന്നത് കൂടിയാണ് ഈ നിയമനങ്ങൾ. സിപിഎമ്മിനു വേണ്ടി കൊല നടത്തിയാൽ പ്രതികളെയും,അവരുടെ കുടുംബത്തെയും, പാർട്ടിയും സർക്കാരും എന്തുവിലകൊടുത്തും സംരക്ഷിക്കും എന്ന സന്ദേശമാണ് പാർട്ടി നൽകുന്നത്.ഇത് കൊലപാതക രാഷ്ട്രീയത്തിന് വെള്ളവും വളവും നൽകുന്ന നടപടിയാണ്. തദ്ദേശസ്വയംഭരണ വകുപ്പ് ഇടപെട്ട് ഈ നിയമനങ്ങൾ റദ്ദാക്കണം.

Similar Posts