'മുഖ്യമന്ത്രി അമേരിക്കയിൽ നിന്ന് വിളിക്കുമ്പോൾ ഞാൻ പേടിച്ചു എന്ന് പറയണം': പരിഹസിച്ച് വി.ഡി സതീശൻ
|"മുഖ്യമന്ത്രി പ്രതികൂട്ടിലായപ്പോൾ ഉണ്ടായതാണ് ഇപ്പോഴത്തെ അന്വേഷണം, മുഖ്യമന്ത്രി വിദേശത്ത് പിരിവ് നടത്തുന്നതിനെ കുറിച്ച് പറഞ്ഞപ്പോഴാണ് കേസ്"
പുനർജനി പദ്ധതിക്കായി വിദേശപണപ്പിരിവ് നടത്തിയെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതിൽ പ്രതികരിച്ച് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രി പ്രതിക്കൂട്ടിലായപ്പോൾ ഉണ്ടായതാണ് ഇപ്പോഴത്തെ അന്വേഷണമെന്നും മുഖ്യമന്ത്രി അമേരിക്കയിൽ നിന്ന് വിളിക്കുമ്പോൾ താൻ പേടിച്ചു എന്ന് പറയണമെന്നും സതീശൻ പരിഹസിച്ചു.
"വിജിലൻസ് അന്വേഷണം എതിർക്കുന്നില്ല. പരാതി ആദ്യം ആഭ്യന്തര വകുപ്പ് അന്വേഷിച്ചിരുന്നു. പരാതിയിൽ കഴമ്പ് ഇല്ല എന്ന് കണ്ടെത്തി. അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈകോടതി തള്ളിയതാണ്. മുഖ്യമന്ത്രി പ്രതികൂട്ടിലായപ്പോൾ ഉണ്ടായതാണ് ഇപ്പോഴത്തെ അന്വേഷണം. മുഖ്യമന്ത്രി വിദേശത്ത് പിരിവ് നടത്തുന്നതിനെ കുറിച്ച് പറഞ്ഞപ്പോഴാണ് കേസ്. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവർ മുഖ്യമന്ത്രി അമേരിക്കയിൽ നിന്ന് വിളിക്കുമ്പോൾ പറയണം ഞാൻ പേടിച്ചു എന്ന്". സതീശൻ പറഞ്ഞു.
കോൺഗ്രസ് പുനഃസംഘടന സംബന്ധിച്ചുള്ള ചോദ്യങ്ങളോട്, ആരുടെയും പേര് തന്റെ ഭാഗത്ത് നിന്ന് പറഞ്ഞിട്ടില്ല എന്നായിരുന്നു വി.ഡി സതീശന്റെ മറുപടി. നീതിപൂർവമായാണ് പട്ടിക തയ്യാറാക്കിയതെന്നും എല്ലാവരും ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു