സമരക്കാർക്ക് നേരെ കാലുയർത്തുന്നതിന് മുമ്പ് മൂന്നുവട്ടം ആലോചിക്കണം; പൊലീസുകാർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ കാണാം: വി.ഡി സതീശൻ
|കഴക്കൂട്ടം കരിച്ചാറയിൽ കെ-റെയിൽ കല്ലിടലിനെത്തിയപ്പോഴാണ് പൊലീസും സമരക്കാരും ഏറ്റുമുട്ടിയത്. പ്രതിഷേധക്കാരെ പൊലീസ് ബൂട്ടിട്ട് ചവിട്ടി. ചവിട്ടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
തിരുവനന്തപുരം: കഴക്കൂട്ടത്ത് കെ റെയിൽ കല്ലിടലിനെതിരെ പ്രതിഷേധിച്ച സമരക്കാരെ അക്രമിച്ച പൊലീസുകാർക്കെതിരെ നടപടിവേണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ക്രൂരമർദനമാണ് പൊലീസ് നടത്തിയത്. അതിക്രമം കാണിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി വേണം. ദൃശ്യമാധ്യമങ്ങളിൽ കൃത്യമായ തെളിവുണ്ട്. കള്ളക്കേസ് എടുത്ത് പിന്തിരിപ്പിക്കാമെന്ന് കരുതണ്ട. ഡൽഹി പൊലീസും കേരള പൊലീസും ഒരു പോലെയാണ് പ്രവർത്തിക്കുന്നത്. കാടത്തമാണ് പൊലീസ് കാട്ടുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു.
കോൺഗ്രസ് പ്രവർത്തകർക്ക് നേരെ കാലുയർത്തുന്ന പൊലീസുകാർ മൂന്നു പ്രാവിശ്യം ആലോചിക്കണമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. അതിക്രമം കാണിച്ച പൊലീസുകാർക്കെതിരെ അടിയന്തരമായി നടപടി സ്വീകരിക്കണം, അല്ലങ്കിൽ കാണാമെന്നും വി.ഡി സതീശൻ മുന്നറിയിപ്പ് നൽകി.
കഴക്കൂട്ടം കരിച്ചാറയിൽ കെ-റെയിൽ കല്ലിടലിനെത്തിയപ്പോഴാണ് പൊലീസും സമരക്കാരും ഏറ്റുമുട്ടിയത്. പ്രതിഷേധക്കാരെ പൊലീസ് ബൂട്ടിട്ട് ചവിട്ടി. ചവിട്ടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മംഗലപുരം സി.ഐ ആണ് ബൂട്ടിട്ട് ചവിട്ടിയതെന്ന് മർദനമേറ്റയാൾ മീഡിയവണിനോട് പറഞ്ഞു.
ഇന്ന് രാവിലെയാണ് സിൽവർ ലൈൻ സർവേ വീണ്ടും തുടങ്ങിയത്. ഉദ്യോഗസ്ഥരെത്തുന്നു എന്ന വിവരം കിട്ടിയ ഉടൻതന്നെ നാട്ടുകാരും കോൺ്ഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായി സ്ഥലത്തെത്തി. പൊലീസ് നേരത്തെ തന്നെ ഇവിടെ തമ്പടിച്ചിരുന്നു. കല്ലുനാട്ടാൻ ശ്രമം തുടങ്ങിയതോടെ പൊലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷമുണ്ടായി. പ്രതിഷേധം കനത്തതോടെ പൊലീസ് ഇവിടെനിന്ന് മടങ്ങിപ്പോവുകയായിരുന്നു.