കേരള കോണ്‍ഗ്രസ് (എം) എല്‍ഡിഎഫില്‍ തുടരണമോ എന്ന് അവര്‍ ആലോചിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.
|യുഡിഎഫിലേക്ക് കേരള കോൺഗ്രസ് എമ്മിനെ തിരിച്ചെടുക്കുമോ എന്ന ചോദ്യത്തിന് അങ്ങനെയൊരു സാഹചര്യം വന്നാൽ ഞങ്ങൾ അപ്പോൾ ആലോചിക്കുമെന്നായിരുന്നു.
കെ.എം. മാണിയോട് ആദരവുണ്ടെങ്കില്‍ കേരള കോണ്‍ഗ്രസ് (എം) എല്‍ഡിഎഫില്‍ തുടരണമോ എന്ന് അവര്‍ ആലോചിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.
കേരള കോൺഗ്രസ് (എം) ഘടകകക്ഷിയായ സർക്കാറിന്‍റെ അഭിഭാഷകനാണ് ഇന്ന് സുപ്രീം കോടതിയിൽ കെ.എം. മാണി അഴിമതിക്കാരനാണ് എന്നാണ് പറഞ്ഞിരിക്കുന്നത്. കേരള കോൺഗ്രസ് എമ്മിന് കെ.എം. മാണിയോട് ആദരവും ബഹുമാനവും ഉണ്ടെങ്കിൽ അവരൊരു രാഷ്ട്രീയ തീരുമാനമെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കെ.എം.മാണി അഴിമതിക്കാരനാണെന്നും അദ്ദേഹത്തിന്റെ കുടുംബം മുഴുവൻ അഴിമതിക്കാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും കെ.എം. മാണിയുടെ വീട്ടിൽ നോട്ടെണ്ണുന്ന മെഷീനുണ്ടെന്ന് പറഞ്ഞവരാണ് കേരളത്തിലെ സിപിഎം. ആ കെ.എം. മാണിയുടെ മകന്റെ പാർട്ടിയെ ചുവപ്പ് പരവതാനി വിരിച്ച് അവർ മുന്നണിയിലേക്കെടുത്തു.
ഇതുവരെയുണ്ടായിരുന്ന രീതി സിപിഎമ്മിന്റെ കൂടെ നിൽക്കുമ്പോൾ ആദർശത്തിന്റെ പുണ്യവാളൻമാരും പുറത്തുനിൽക്കുമ്പോൾ അഴിമതിക്കാരുമാക്കുന്നതാണ്. എന്നാൽ ഇപ്പോൾ കൂടെ നിർത്തിയിട്ടും കെ.എം മാണിയെ അപമാനിക്കുന്ന സമീപനമാണ് സിപിഎം എടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കെ.എം. മാണി അഴിമതിക്കാരനായത് കൊണ്ടാണ് അന്ന് സമരം ചെയ്തതെന്നുള്ളത് എൽഡിഎഫിന്‍റെ നിലപാടാണ്. കെ.എം. മാണിയോട് ആദരവുണ്ടെങ്കിൽ എൽഡിഎഫിൽ തുടരണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ജോസ് കെ. മാണിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഡിഎഫിലേക്ക് കേരള കോൺഗ്രസ് എമ്മിനെ തിരിച്ചെടുക്കുമോ എന്ന ചോദ്യത്തിന് അങ്ങനെയൊരു സാഹചര്യം വന്നാൽ ഞങ്ങൾ അപ്പോൾ ആലോചിക്കുമെന്നായിരുന്നു. പുതിയ കക്ഷികൾ യുഡിഎഫിലേക്ക് വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമസഭയിൽ മാണിക്കെതിരെ നടന്നത് അഴിമതിക്കെതിരെയുള്ള സമരമാണെന്ന് ഇന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയില് അറിയിച്ചത്. നിയമസഭാ കൈയാങ്കളിക്കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സംസ്ഥാന സർക്കാർ നിലപാട് അറിയിച്ചത്. അഴിമതിക്കെതിരായ പ്രതിഷേധമാണ് നടന്നതെന്നും എം.എൽ.എമാർക്ക് അതിനുള്ള അവകാശമുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും.
നിയമസഭാ കൈയാങ്കളി കേസ് പിൻവലിക്കാനുള്ള സർക്കാർ തീരുമാനം കേരള ഹൈകോടതി തള്ളിയതിനെതിരെയാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്. സ്‌പീക്കറുടെ അനുമതി ഇല്ലാതെ നിയമസഭാ സെക്രട്ടറി നൽകിയ കേസ് നിലനിൽക്കില്ല എന്ന് സർക്കാർ അപ്പീലിൽ ബോധിപ്പിച്ചിരുന്നു.
2015 മാർച്ച് 13ന് ബാർ കോഴ വിവാദം കത്തിനിൽക്കെ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താനാണ് നിയസമഭയിൽ അന്നത്തെ പ്രതിപക്ഷത്തെ ഇടതു എം.എൽ.എമാർ അഴിഞ്ഞാടിയത്. പ്രതിപക്ഷം സ്പീക്കറുടെ കസേരടയടക്കം മറിച്ചിട്ടു. മന്ത്രി ശിവൻകുട്ടിക്ക് പുറമെ ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, കെ. അജിത്ത് എന്നിവരടക്കമുള്ള എം.എൽ.എമാർക്കെതിരെ പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള വകുപ്പുകൾ ചേർത്താണ് കന്‍റോൺമെന്‍റ് പൊലീസ് കേസെടുത്തത്. കേസിൽ കുറ്റപത്രം സമർപ്പിച്ചരുന്നെങ്കിലും ഇടത് സർക്കാർ അധികാരത്തിൽ വന്നതോടെ പിൻവലിക്കാൻ ശ്രമിക്കുകയായിരുന്നു.