'മദർ തെരേസയുടെ ഭാരത രത്നം തിരിച്ചു വാങ്ങണമെന്ന് ആവശ്യപ്പെട്ടത് ആർ.എസ്.എസ്'; വി.ഡി സതീശൻ
|"കേരളത്തിൽ ഹിന്ദുവിന്റെ അട്ടിപ്പേറവകാശം ബിജെപി ഏറ്റെടുക്കാമെന്ന് വിചാരിക്കേണ്ട"
തിരുവനന്തപുരം: ബിജെപി അനുകൂല പ്രസ്താവന യുഡിഎഫിനെ രാഷ്ട്രീയമായി ബാധിക്കില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ഇന്ത്യയിൽ ക്രൈസ്തവർ വേട്ടയാടപ്പെടുന്ന സത്യം ആരും തള്ളിക്കളയരുതെന്നും വിഴിഞ്ഞത്ത് നടന്നതെന്താണെന്ന് ആരും മറക്കരുതെന്നും വി.ഡി സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
"ഇന്ത്യയിൽ ക്രൈസ്തവർ വ്യാപകമായി വേട്ടയാടപ്പെടുന്നു എന്നത് യാഥാർഥ്യമാണ്. ഇതവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് 79 ക്രൈസ്തവ സംഘടനകളാണ് ഡൽഹിയിൽ പ്രതിഷേധം സംഘടിപ്പിച്ചത്. ആരാധന തടസ്സപ്പെടുത്തുകയും, വികാരികളെ ജയിലിലടയ്ക്കുകയും ഉൾപ്പടെ നടന്നു കൊണ്ടിരിക്കുകയാണ്. ഈ കഴിഞ്ഞ ദിവസമാണ് കർണാടകയിലെ മന്ത്രി മുനിയപ്പ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഇടയിൽ പറഞ്ഞത് ക്രിസ്ത്യാനികൾ വീട്ടിലേക്ക് വന്നാൽ തല്ലിയോടിക്കണം എന്നാണ്. കഴിഞ്ഞ മാസം ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി മുൻ ബ്യൂറോക്രാറ്റുകൾ പ്രധാനമന്ത്രിക്കൊരു കത്തെഴുതിയിരുന്നു".
"2023ലും ക്രിസ്ത്യാനികളുടെ ജനസംഖ്യയിൽ മാറ്റമില്ലെന്നും അതുകൊണ്ട് തന്നെ ക്രിസ്ത്യാനികൾ മതപരിവർത്തനം നടത്തുന്നു എന്നത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നുമായിരുന്നു കത്തിലുണ്ടായിരുന്നത്. മദർതെരേസക്ക് കൊടുത്ത ഭാരതരത്നം തിരിച്ചു വാങ്ങണമെന്ന് പറഞ്ഞവരാണ് ആർഎസ്എസ്. കുറേ നല്ല കാര്യങ്ങളുണ്ടെന്ന് പറയപ്പെടുന്ന ഇതേ ആർഎസ്എസ്. മദർ തെരേസ മതപരിവർത്തനമുണ്ടെന്ന് പറഞ്ഞ് പ്രചരിപ്പിച്ചതും ഇവർ തന്നെ. ഇതൊക്കെ എല്ലാ ക്രിസ്ത്യാനികളുടെയും മനസ്സിലുണ്ട്".
"കേരളത്തിൽ ഹിന്ദുവിന്റെ അട്ടിപ്പേറവകാശം ബിജെപി ഏറ്റെടുക്കാമെന്ന് വിചാരിക്കേണ്ട. കേരളത്തിലെ 90 ശതമാനം ഹിന്ദുക്കളും ബിജെപിക്കെതിരാണ്. അവർ എൽഡിഎഫിനും യുഡിഎഫിനും മാത്രമേ വോട്ട് ചെയ്യുകയുള്ളൂ. മധ്യതിരുവിതാംകൂറിൽ മിക്ക ആരാധനാലയങ്ങൾക്കും നേരെ നടന്ന ആക്രമണങ്ങൾക്ക് പിന്നിലൊക്കെ ആർഎസ്എസ് ഉണ്ട്. തെരഞ്ഞെടുപ്പ് വിജയിക്കാനുള്ള തന്ത്രമാണ് ഈ മുഖം മിനുക്കൽ. വിഴിഞ്ഞം സമരം നടന്നപ്പോൾ അതിനെ സിപിഎമ്മുമായി ചേർന്ന് വർഗീയവത്കരിച്ചവരാണ് ആർഎസ്എസ്. അതൊന്നും ആരും മറക്കില്ല. മാറിക്കൊണ്ടിരിക്കുന്ന, ഒരു പാട് ഗുണങ്ങളുണ്ടെന്ന് പറയപ്പെടുന്ന ഇതേ ആർഎസ്എസ് തന്നെയാണ് ഡൽഹിയിൽ ന്യൂനപക്ഷങ്ങൾക്ക് വീട് വാടകയ്ക്ക് കൊടുക്കരുതെന്ന് ആഹ്വാനം ചെയ്തത്. ഇപ്പോൾ നടത്തിയ ബിജെപി അനുകൂല പ്രസ്താവനകളൊക്കെ ഒന്നോ രണ്ടോ മതമേലധ്യക്ഷന്മാർ മാത്രമേ നടത്തിയിട്ടുള്ളൂ. അവർ ഇതൊക്കെ ഓർത്താൽ നന്ന്. ഇതൊന്നും തന്നെ യുഡിഎഫിനെ ഒരു രീതിയിലും ബാധിക്കില്ല". സതീശൻ പറഞ്ഞു.