ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ഉന്നത തല യോഗം; വീഴ്ചയുണ്ടെങ്കില്‍ കൃത്യമായ നടപടികളുണ്ടാകുമെന്ന് ആരോഗ്യമന്ത്രി
|കോവിഡ് മരണങ്ങൾ അറിയിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ കൃത്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
നിരന്തരമുണ്ടാകുന്ന വീഴ്ചകളുടെ അടിസ്ഥാനത്തില്‍ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയില്‍ ഉന്നതതല യോഗം ചേര്‍ന്നു. ആരോഗ്യമന്ത്രി വീണ ജോർജ്ജ് ഉള്‍പ്പെടെ ആരോഗ്യവകുപ്പിലെ പ്രധാന ഉദ്യോഗസ്ഥരും ജില്ലാ മേധാവികളും യോഗത്തില്‍ പങ്കെടുത്തു.
ആശുപത്രിക്കെതിരായ പരാതിയില്‍ അന്വേഷണം നടക്കുകയാണെന്നും വീഴ്ച ഉണ്ടെങ്കിൽ കൃത്യമായ നടപടികൾ ഉണ്ടാകുമെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് വ്യക്തമാക്കി. കോവിഡ് മരണങ്ങൾ അറിയിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ കൃത്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് വന്നാലുടന്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഉന്നതതല യോഗത്തിനു പിന്നാലെ മന്ത്രി പ്രതികരിച്ചു.
കോവിഡ് ബാധിതന് മരിച്ചെന്ന് ബന്ധുക്കൾക്ക് തെറ്റായ വിവരം നൽകിയതാണ് ആലപ്പുഴ മെഡിക്കൽ കോളജിന്റെ ഭാഗത്ത് നിന്ന് ഏറ്റവും അവസാനമുണ്ടായ ഗുരുതര വീഴ്ച. രോഗി മരിച്ചതായി മെഡിക്കൽ കോളേജിൽ നിന്ന് അറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങാനെത്തിയപ്പോഴാണ് ബന്ധുക്കള്‍ സത്യാവസ്ഥ അറിയുന്നത്. മരിച്ചരോഗിയുടെ മൃതദേഹം മാറിനൽകിയ വിവാദം കെട്ടടങ്ങിയതിനു തൊട്ടുപിന്നാലെയായിരുന്നു പുതിയ വിവാദം.