കേരളത്തിന്റെ കോവിഡ് പ്രതിരോധത്തെ വിദഗ്ധർ ഇപ്പോഴും പുകഴ്ത്തുന്നു- ആരോഗ്യമന്ത്രി വീണ ജോര്‍ജ്
|കേരളത്തിൽ ആറ് കോവിഡ് കേസുകളിലൊന്ന് റിപ്പോർട്ട് ചെയ്യുന്നുണ്ട്, രാജ്യത്ത് അത് 33 ൽ ഒന്ന് മാത്രമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിലെ കോവിഡ് പ്രതിരോധത്തിലെ വീഴ്ച പ്രതിപക്ഷം രൂക്ഷമായി വിമർശിക്കുമ്പോളും വീഴ്ചകളെ ന്യായീകരിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. രാജ്യത്തിനകത്തും പുറത്തുമുള്ള അക്കാദമിഷ്യൻമാരും വെറോളജിസ്റ്റുമാരും വളരെ ശാസ്ത്രീയമായിട്ടുള്ള മാതൃകയാണ് കോവിഡ് പ്രതിരോധത്തിൽ കേരളം അവംലബിക്കുന്നതെന്ന് അഭിപ്രായപ്പെട്ടതായി അവർ പറഞ്ഞു. രാജ്യത്ത് തന്നെ കോവിഡ് വ്യാപനത്തില്‍ കേരളം ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോഴാണ് മന്ത്രിയുടെ പരാമര്‍ശം.
ബ്രേക്ക് ത്രൂ ഇൻഫെക്ഷനെ കുറിച്ച് പഠനം നടത്തിയ ഇന്ത്യയിലെ ഏക സംസ്ഥാന കേരളമാണെന്നും വീണ ജോർജ് പറഞ്ഞു. രോഗികളുടെ എണ്ണം കൂടുതാലാണെങ്കിലും ആശുപത്രികളിൽ കഴിയുന്ന കോവിഡ് രോഗികളുടെ എണ്ണം കുറവാണെന്നും അവർ പറഞ്ഞു.
കേരളത്തിൽ ആറ് കോവിഡ് കേസുകളിലൊന്ന് റിപ്പോർട്ട് ചെയ്യുന്നുണ്ട്, രാജ്യത്ത് അത് 33 ൽ ഒന്ന് മാത്രമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം സംസ്ഥാനത്തെ കോവിഡ് സാഹചര്യത്തിൽ ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. വീടിനുള്ളിലും പുറത്തും അതീവ ജാഗ്രത പാലിക്കണം. ബന്ധുവീടുകളിൽ സന്ദർശനം ഒഴിവാക്കണം. കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. ജാഗ്രത വാക്കുകളിൽ മാത്രം പോരെന്നും ആരോഗ്യമന്ത്രി ഓർമിപ്പിച്ചു.
ടി.പി.ആർ കുറയ്ക്കുകയാണ് നിലവിലെ ലക്ഷ്യം. ആരോഗ്യവകുപ്പ് പരിശോധനകൾ വർധിപ്പിച്ചിട്ടുണ്ട്. ഇന്ന് 1,70,000 ൽ അധികം പരിശോധന നടത്തി. കേരളത്തിൽ ആറു കേസുകളിൽ ഒരു കേസാണ് റിപ്പോർട്ട് ചെയ്യുന്നത്. വാക്സിനേഷൻ പ്രക്രിയയും ഊർജിതമാക്കും. 18 വയസിന് മുകളിലുള്ള 70.24 ശതമാനം പേർ ആദ്യ ഡോസ് സ്വീകരിച്ചു. 25 ശതമാനത്തിലധികം രണ്ടാം ഡോസും സ്വീകരിച്ചു. കിടപ്പുരോഗികൾക്കും വാക്സിൻ നൽകുന്നുണ്ട്. സെപ്തംബർ 30നുള്ളിൽ 18 വയസിന് മുകളിലുള്ള എല്ലാവർക്കും ആദ്യ ഡോസ് വാക്സിൻ നൽകാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
രോഗികൾക്ക് ആവശ്യമായ ചികിത്സാ സഹായങ്ങൾ സർക്കാർ ഉറപ്പുവരുത്തുന്നുണ്ട്. കേരളം അവലംബിച്ച പ്രതിരോധ സംവിധാനം വിജയകരമായിരുന്നു. ഇത് തളിയിക്കുന്നതാണ് ഐ.സി.എം.ആർ സർവെ. രാജ്യത്ത് കോവിഡ് മരണ സംഖ്യ ഏറ്റവും കുറവു റിപ്പോർട്ട് ചെയ്തത് കേരളത്തിലാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് 2131 രോഗികൾ ഐ.സി.യുവിൽ ചികിത്സയിലുണ്ട്. 43ശതമാനം ഐ.സി.യു കിടക്കകളാണ് ഒഴിവുള്ളത്. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവർ ക്വാറൻറൈൻ കർശനമായി പാലിക്കണം. വീടുകളിൽ ഒരാൾ പൊസിറ്റീവായാൽ കർശന ക്വാറൻറൈൻ വേണം. വീട്ടിൽ സൗകര്യമില്ലെങ്കിൽ ഡി.സി.സികളിലേക്ക് മാറാൻ തയ്യാറാകണം. കോവിഡ് പ്രതിരോധത്തിന് രാഷ്ട്രീയമില്ല. പ്രതിരോധ പ്രവർത്തനത്തിൽ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും ആരോഗ്യമന്ത്രി ആഹ്വാനം ചെയ്തു.