Kerala
veena george

വീണാ ജോര്‍ജ്

Kerala

ഒരു പെണ്‍കുട്ടി ദാരുണമായി കൊല്ലപ്പെട്ട സാഹചര്യത്തിലെ വാക്കുകളെ വിവാദമാക്കാന്‍ ശ്രമിക്കുന്നത് എന്ത് ക്രൂരതയാണ്; വിശദീകരണവുമായി വീണാ ജോര്‍ജ്

Web Desk
|
10 May 2023 8:15 AM GMT

പൊലീസ് എയ്ഡ് പോസ്റ്റ് ഒക്കെ ഉള്ള ഹോസ്പിറ്റലാണ്. പോലീസ് കൊണ്ടുവന്ന പ്രതിയാണല്ലോ

തിരുവനന്തപുരം: കൊട്ടാരക്കരയില്‍ പ്രതിയുടെ കുത്തേറ്റ് ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവുമായി ബന്ധപ്പെട്ട തന്‍റെ പ്രസ്താവന വിവാദമായ സാഹചര്യത്തില്‍ വിശദീകരണവുമായ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംഭവത്തെക്കുറിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞ വാക്കുകളാണ് താന്‍ പറഞ്ഞതെന്നും പെണ്‍കുട്ടി ദാരുണമായി കൊല്ലപ്പെട്ട ദുഃഖകരമായ സാഹചര്യത്തിലെ വാക്കുകളെ, വളച്ചൊടിച്ച് വിവാദമാക്കാന്‍ ശ്രമിക്കുന്നത് എന്ത് ക്രൂരതയാണെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

''ഈ മോൾ ഒരു ഹൗസ് സർജനാണ്, അത്ര എക്‌സ്പീരിയൻസ്ഡല്ല. അതുകൊണ്ട് ഇങ്ങനെ ഒരു ആക്രമണമുണ്ടായപ്പോൾ ഭയന്നുപോയിട്ടുണ്ടാകും എന്നാണ് മറ്റു ഡോക്ടർമാർ പറഞ്ഞത്''-ഇതായിരുന്നു മന്ത്രിയുടെ വാക്കുകൾ.കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജനായ വന്ദന ദാസാണ്(22) വൈദ്യ പരിശോധനക്ക് എത്തിച്ച പ്രതിയുടെ കുത്തേറ്റ് ഇന്ന് മരിച്ചത്.



വീണാ ജോര്‍ജിന്‍റെ കുറിപ്പ്

'പൊലീസ് എയ്ഡ് പോസ്റ്റ് ഒക്കെ ഉള്ള ഹോസ്പിറ്റലാണ്. പോലീസ് കൊണ്ടുവന്ന പ്രതിയാണല്ലോ. അവിടെ സിഎംഒ ഒക്കെ ഉണ്ടായിരുന്നു. മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു. ഈ മോള്‍ ഒരു ഹൗസ് സര്‍ജന്‍ ആണ്. അത്ര എക്‌സ്പീരിയന്‍സഡ് അല്ല. അതുകൊണ്ട് ഇങ്ങനെയൊരു ആക്രമണം ഉണ്ടായപ്പോള്‍ ഭയന്നിട്ടുണ്ട് എന്നാണ് ഡോക്ടര്‍മാര്‍ അവിടെനിന്ന് അറിയിച്ചിട്ടുള്ള വിവരം. അങ്ങനെ വളരെ വിഷമകരമായിട്ടുള്ള ഒരു സംഭവമാണ്. 'കൊല്ലത്ത് ഡോക്ടര്‍ വന്ദന കൊല്ലപ്പെട്ട സംഭവത്തില്‍ എന്‍റെ വാക്കുകള്‍ ഇതാണ്. ഈ സംഭവത്തെക്കുറിച്ച് അവിടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞ കാര്യങ്ങളാണ് ഞാന്‍ പറഞ്ഞത്.



ഒരു പെണ്‍കുട്ടി ദാരുണമായി കൊല്ലപ്പെട്ട ദുഃഖകരമായ സാഹചര്യത്തിലെ വാക്കുകളെ, വളച്ചൊടിച്ച് വിവാദമാക്കാന്‍ ശ്രമിക്കുന്നത് എന്ത് ക്രൂരതയാണ്. അത് മാധ്യമങ്ങളുടെ തലപ്പത്തുള്ളവരും പ്രതിപക്ഷവും ചിന്തിക്കണം. ഒരു ദുരന്തമുഖത്ത് പോലും വിവാദമുണ്ടാക്കാനുള്ള നികൃഷ്ട മനസ്സാണ് ഇവിടെ വെളിവാകുന്നത്. ഞാന്‍ പറഞ്ഞ വാക്കുകള്‍ അവിടെ തന്നെയുണ്ട്. ദുരന്തത്തെക്കുറിച്ച് ഇത്ര ഇന്‍സെന്‍സിറ്റീവായി പ്രതികരിക്കുന്ന ആളല്ല ഞാനെന്ന് എന്നെ അറിയുന്നവര്‍ക്ക് അറിയാം. വിശദീകരണത്തിനുള്ള സമയമല്ല ഇത്. എങ്കിലും മാധ്യമങ്ങള്‍ വാക്കുകള്‍ വളച്ചൊടിച്ച് പ്രചരിപ്പിക്കുമ്പോള്‍ ജനങ്ങള്‍ വസ്തുത മനസിലാക്കണമെന്നത് കൊണ്ട് ഇത്രയും പറയുന്നു. ബാക്കി പിന്നീട് പറയാം.

Similar Posts