'എന്നാലും എന്റെ വിദ്യേ എന്നല്ല, എന്നാലും എന്റെ കാരണഭൂതാ എന്ന് പറയണമായിരുന്നു ടീച്ചറേ'; പി.കെ ശ്രീമതിക്ക് മറുപടിയുമായി വീണ.എസ്.നായർ
|വിദ്യക്കെതിരെ മാത്രമല്ല, വിദ്യമാർക്ക് വ്യാജ വിദ്യ കാട്ടാൻ ആത്മവിശ്വാസം നൽകുന്ന വിജയനെതിരെ കൂടി ടീച്ചർ പ്രതികരിക്കണമെന്നും വീണ.എസ്.നായർ പറഞ്ഞു
കൊച്ചി: മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് ചമച്ച എസ്.എഫ്.ഐ നേതാവ് വിദ്യാ വിജയനെതിരെ പ്രതികരിച്ച സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി ടീച്ചർക്ക് മറുപടിയുമായി യൂത്ത് കോൺഗ്രസ് നേതാവ് വീണ.എസ്.നായർ. 'എന്നാലും എന്റെ വിദ്യേ' എന്നായിരുന്നു ശ്രീമതി ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റ്. എന്നാൽ ടീച്ചർ പറയേണ്ടിരുന്നത് എന്നാലും എന്റെ കാരണഭൂതാ എന്നായിരുന്നെന്നാണ് വീണ തന്റെ ഫേസ് ബുക്ക് പേജിൽ കുറിച്ചത്.
വിദ്യക്കെതിരെ മാത്രമല്ല, വിദ്യമാർക്ക് വ്യാജ വിദ്യ കാട്ടാൻ ആത്മവിശ്വാസം നൽകുന്ന വിജയനെതിരെ കൂടി ടീച്ചർ പ്രതികരിക്കണമെന്നും വീണ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. കുത്തഴിഞ്ഞ ഒരു വിദ്യാഭ്യാസ സംവിധാനത്തിന്റെ പ്രതീകം മാത്രമാണത് വിദ്യയുടെ സംഭവമെന്നും ഇ.എം.എസും, ഇ.കെ.നായനാരും, വി.എസ്. അച്യുതാനന്തനും അടങ്ങുന്ന കമ്മ്യൂണിസ്റ്റ് നേതാക്കൾ ഭരിച്ചപ്പോൾ വിദ്യാഭ്യാസ രംഗം ഇത്ര കുത്തഴിഞ്ഞിട്ടില്ലായിരുന്നെന്നും വീണ കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
ബഹുമാനപ്പെട്ട ശ്രീമതി ടീച്ചർ അറിയാൻ.
ടീച്ചറേ!യഥാർത്ഥത്തിൽ ടീച്ചർ പറയേണ്ടിയിരുന്നത് " എന്നാലും എന്റെ വിദ്യേ " എന്നല്ല..
"എന്നാലും എന്റെ കാരണഭൂതാ" എന്നായിരുന്നു.
വിദ്യയുടെ "വ്യാജ വിദ്യ" ഒറ്റപ്പെട്ട സംഭവമല്ല. കുത്തഴിഞ്ഞ ഒരു വിദ്യാഭ്യാസ സംവിധാനത്തിന്റെ പ്രതീകം മാത്രമാണത്.ഇ എം എസും, ഇ കെ നായനാരും, വി എസ് അച്യുതാനന്തനും അടങ്ങുന്ന കമ്മ്യൂണിസ്റ്റ് നേതാക്കൾ ഭരിച്ചപ്പോൾ വിദ്യാഭ്യാസ രംഗം ഇത്ര കുത്തഴിഞ്ഞിട്ടില്ലായിരുന്നു. നേതാക്കളുടെ ഭാര്യമാർക്ക് വേണ്ടി ശീർഷാസനം ചെയ്യുന്ന റാങ്ക് ലിസ്റ്റുകൾ കേരളം കണ്ടത് കാരണഭൂതന്റെ ഭരണത്തിൽ മാത്രമല്ലേ ടീച്ചറെ?
കാരണഭൂതന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ അനധികൃത നിയമനം ഹൈ കോടതി റദാക്കിയത് ടീച്ചർ അറിഞ്ഞിരുന്നില്ലേ? പരീക്ഷ എഴുതാത്തവർ ജയിക്കുകയും, ബ്ലു ടൂത്ത് ഉപയോഗിച്ച് പി എസ് സി പരീക്ഷ അട്ടിമറിക്കുകയും, കോളേജുകളിൽ നിന്നും ജയിച്ച വനിതാ നേതാവിന്റെ പേരിനു പകരം അർഹതയില്ലാത്ത ആളുടെ പേര് യൂണിവേഴ്സിറ്റിയിലേക്ക് അയക്കുകയും ചെയ്യുന്ന സംഭവങ്ങൾ കാരണഭൂതന്റെ കാലത്തു മാത്രമുള്ള പ്രതിഭാസങ്ങളാണ്. ടീച്ചർ ഇനിയും പ്രതികരിക്കണം.. വിദ്യക്കെതിരെ മാത്രമല്ല, വിദ്യാമാർക്ക് വ്യാജ വിദ്യ കാട്ടാൻ ആത്മവിശ്വാസം നൽകുന്ന വിജയനെതിരെ കൂടി പ്രതികരിക്കണം.
എന്ന്
വീണ എസ് നായർ