കുടുംബ ബജറ്റിന് എരിവേറ്റി പച്ചക്കറി വില; രണ്ടാഴ്ച കൊണ്ട് മുളക് വില ഇരട്ടിയായി
|വിഷു-പെരുന്നാൾ സീസൺ എത്തുമ്പോഴേക്കും വില ഇനിയും ഉയരും
കൊച്ചി: കൈവിട്ട് പായുകയാണ് സാധാരണക്കാരന്റെ കുടുംബ ബജറ്റ്. നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രണം വിട്ട് കുതിക്കുകയാണ്. കുടുംബ ബജറ്റിന്റെ താളം തെറ്റിച്ചാണ് മുളക് വില കുതിച്ചുയരുന്നത്. രണ്ടാഴ്ച കൊണ്ട് ചില്ലറ കമ്പോളത്തിൽ മുളക് വില ഇരട്ടിയായി. വിഷു-പെരുന്നാൾ സീസൺ എത്തുമ്പോഴേക്കും വില ഇനിയും ഉയരും.
രണ്ടാഴ്ച കൊണ്ട് മുളക് വില ഇരട്ടിയോളമാണ് കൂടിയത്. കഴിഞ്ഞ ആഴ്ചയിൽ 25 മുതൽ 30രൂപ വരെയായിരുന്ന പച്ച മുളകിന് ഇപ്പോൾ 65-70 രൂപയാണ് വില. വറ്റൽ മുളക്ക് 200ൽ നിന്ന് 290 ലെത്തി.320 രൂപയുണ്ടായിരുന്ന പിരിയൻ മുളകിന് 600 രൂപയാണ് ഇപ്പോഴത്തെ വില. തമിഴ്നാട്ടിൽ നിന്ന് വരവ് കുറഞ്ഞതും ഇന്ധന വില വർധനവും വില ഉയരാൻ കാരണമായി എന്ന് വ്യാപാരികൾ പറയുന്നു.
വില വർധനവ് കച്ചവടത്തെ കാര്യമായി ബാധിക്കുന്നതായി ചില്ലറ വ്യാപരികളും ചൂണ്ടിക്കാണിക്കുന്നു.ഉയർന്ന വില മൂലം ജനങ്ങൾ മുളക് വാങ്ങുന്നത് കുറഞ്ഞു. എന്നാണ് ഇവർ പറയുന്നത്. മുളകിന്റെ വില കൂടിയതോടെ ആവശ്യത്തിന്റെ പകുതി വാങ്ങിയാണ് സാധാരണക്കാരൻ മടങ്ങുന്നത്. വിഷും-പെരുന്നാളും എരിവ് കുറച്ച് ആഘോഷിക്കേണ്ട സ്ഥിതി. സപ്ലെക്കോ വിപണന കേന്ദ്രങ്ങളിൽ ആവശ്യത്തിന് സാധനങ്ങൾ ഇല്ലാത്തത് ജനങ്ങളുടെ ദുരിതം ഇരട്ടിയാക്കുന്നു.