കുതിച്ചുയർന്ന് പച്ചക്കറി വില; ബീൻസ്, പാവയ്ക്ക, ഇഞ്ചി തുടങ്ങിയവയുടെ വില 100 കടന്നു
|വിലക്കയറ്റത്തിൽ പൊറുതിമുട്ടി ജനം
തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. ബീൻസ്, പാവയ്ക്ക, ഇഞ്ചി തുടങ്ങിയവയുടെ വില 100 കടന്നു. 35 രൂപയുണ്ടായിരുന്ന തക്കാളിയുടെ വില 80ലേക്ക് എത്തി. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറിയുടെ വരവ് കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. വരും ദിവസങ്ങളിലും പച്ചക്കറി വില ഇനിയും ഉയർന്നേക്കും.
മത്സ്യത്തിനും മാംസത്തിനും വില കൂടിയതിന് പിന്നാലെയാണ് പച്ചക്കറിയ്ക്കും കുത്തനെ വില ഉയർന്നത്. തമിഴ്നാട് - കർണാടക സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള പച്ചക്കറിയുടെ വരവ് കുറഞ്ഞു. കാലവർഷം കൂടി എത്തിയതോടെ പച്ചക്കറി ഉൽപാദനത്തിലും വലിയ കുറവുണ്ടായി. പൊതു വിപണിയിൽ തക്കാളി അടക്കമുള്ള പച്ചക്കറിക്ക് നൂറുകടന്നു. രണ്ടാഴ്ച മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ ഇരട്ടിയിലധികമാണ് ഇപ്പോഴത്തെ വില.
പച്ചക്കറി വിലവർധനവ് സാധാരണക്കാരന്റെ ദൈനംദിന കുടുംബ ബജറ്റിനെയും താളം തെറ്റിച്ചു. രണ്ട് ആഴ്ച കൂടി വിലക്കയറ്റം ഉണ്ടാകും എന്ന വിലയിരുത്തലിലാണ് ഹോർട്ടിക്കോർപ്പും സർക്കാരും.