തൊട്ടാല്‍ പൊള്ളും; സംസ്ഥാനത്ത് പച്ചക്കറിക്കും വില കുതിക്കുന്നു
|കൊടുംചൂടും മഴയുമാണ് പച്ചക്കറി വില ഉയരാന്‍ കാരണമായി പറയുന്നത്
തിരുവനന്തപുരം/കോഴിക്കോട് : മത്സ്യത്തിനും മാംസത്തിനും പുറമേ സാധാരണക്കാരനെ വലച്ച് പച്ചക്കറി വിലയും.കഴിഞ്ഞ മാസങ്ങളിൽ അനുഭവപ്പെട്ട കൊടുംചൂടും നിലവിലെ മഴയുമെല്ലാം വിലക്കയറ്റത്തിന് ഇന്ധനമായപ്പോൾ പൊതുജനങ്ങളും കച്ചവടക്കാരും ഒരുപോലെ നട്ടംതിരിയുകയാണ്.
പത്ത് ദിവസം മുൻപ് 120 രൂപയ്ക്ക് വാങ്ങിയിരുന്ന ബീൻസിന് ഇപ്പോൾ 200 രൂപയാണ് വില. 60 രൂപയ്ക്ക് വാങ്ങിയിരുന്ന വെണ്ടയ്ക്കയ്ക്ക് 80 രൂപ. കടിച്ചാൽ എരിയുന്ന പച്ചമുളകിനും ഇപ്പോൾ തൊട്ടാൽ പൊള്ളുന്ന വിലയാണ്. ഒരുമാസത്തിനിടയ്ക്ക് 60 രൂപ കൂടി 120 നോട്ട് ഔട്ടിൽ എത്തി നിൽക്കുന്നു
കഴിഞ്ഞ മാസങ്ങളിൽ അനുഭവപ്പെട്ട കൊടും ചൂടും മഴയുമെല്ലാം കൃഷിയെ ബാധിച്ചത് തന്നെയാണ് വില കൂടാനുള്ള പ്രധാന കാരണം എന്നാണ് കച്ചവടക്കാർ പറയുന്നത്.
കോഴിക്കോടും പച്ചക്കറിയ്ക്ക് വില കുതിക്കുകയാണ്. പത്ത് ദിവസത്തിനിടയിൽ കോഴിക്കോട് പാളയം പച്ചക്കറി മാർക്കറ്റിൽ ബീൻസിന് 110 ഉം മല്ലിയിലയ്ക്ക് 90 രൂപയും കൂടി. തക്കാളിയ്ക്ക് കൂടിയത് 22 രൂപ . പച്ചമുളക് കടിച്ചാൽ കൂടുതലെരിയും. പത്ത് ദിവസത്തിനിടെ കൂടിയത് 31 രൂപയാണ്.
പച്ചക്കറി വാങ്ങാനെത്തുന്നവർ വിലകേട്ട് തലയിൽ കൈവെക്കുകയാണ്. തക്കാളിക്ക് കഴിഞ്ഞമാസം 30 ആയിരുന്നു. രണ്ട് രൂപ കുറഞ്ഞിടത്ത് നിന്ന് കൂടിയത് 50 രൂപയിലേക്ക്. മുളകിന്റെ അവസ്ഥയും അത് തന്നെ.. കഴിഞ്ഞമാസം 84 ഉണ്ടായിരുന്നത് 10 ദിവസം മുന്നേ പത്ത് രൂപ കുറഞ്ഞ് 74 ആയി. ഇന്നത് 105 രൂപയാണ്. കൂടിയത് 31 രൂപ.
ബീൻസ് 70 ൽ നിന്ന് 180 രൂപയായി. 110 രൂപ കൂടിയതോടെ വിപണിയിൽ കിട്ടാനുമില്ല. ഇഞ്ചിക്ക് 15 ഉം മുരിങ്ങാക്കായക്ക് 16രൂപയും കൂടി. വെളുത്തുള്ളിക്ക് 13ഉം ചെറിയുള്ളിക്ക് ആറും രൂപ വർധിച്ചു.