രവി പിള്ള വാങ്ങിയ നൂറു കോടിയുടെ ഹെലികോപ്ടറിന് ഗുരുവായൂരിൽ വാഹനപൂജ
|ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലെ ഹെലിപാഡിലായിരുന്നു പൂജാ കർമങ്ങൾ
ഗുരുവായൂർ ക്ഷേത്രത്തിൽ നടക്കുന്ന വാഹനപൂജകൾക്ക് കൈയും കണക്കുമില്ല. എല്ലാ വിധത്തിലുള്ള വാഹനങ്ങളും ക്ഷേത്രനടയിലെത്തി പൂജ ചെയ്ത് മാലയണിഞ്ഞ് മടങ്ങുന്നതാണ് രീതി. എന്നാൽ വ്യാഴാഴ്ച തീർത്തും വ്യത്യസ്തമായൊരു വാഹനപൂജ നടന്നു ക്ഷേത്രത്തിൽ. ആർപി ഗ്രൂപ്പ് ചെയർമാനും പ്രമുഖ വ്യവസായിയുമായ ഡോ. ബി രവി പിള്ളയുടെ ഹെലികോപ്ടറാണ് പൂജയ്ക്കായി എത്തിയത്. ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലെ ഹെലിപാഡിലായിരുന്നു പൂജാ കർമങ്ങൾ.
ക്ഷേത്രത്തിന് അഭിമുഖമായി നിർത്തിയ കോപ്ടറിന് മുമ്പിൽ നിലവിളക്കുകൾ കൊളുത്തി, നാക്കിലയിൽ പൂജാദ്രവ്യങ്ങളുമായി ക്ഷേത്രം ഓതിക്കനും മുൻ മേൽശാന്തിയുമായ പഴയം സുമേശ് നമ്പൂതിരിയാണ് കർമങ്ങൾ നിർവഹിച്ചത്. ആരതിയുഴിഞ്ഞ ശേഷം മാല ചാർത്തി കളഭം തൊടീച്ചാണ് കോപ്ടറിനെ യാത്രയാക്കിയത്.
രവി പിള്ള, മകൻ ഗണേഷ് പിള്ള, പൈലറ്റുമാരായ ക്യാപ്റ്റൻ സുനിൽ കണ്ണോത്ത്, ക്യാപ്റ്റൻ ജി.ജി കുമാർ ക്ഷേത്രം ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ജ്യോതിഷി പെരിങ്ങോട് ശങ്കരനാരായൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
സ്വന്തമാക്കിയത് ലക്ഷ്വറി എയർബസ്
ഏകദേശം നൂറു കോടി ഇന്ത്യൻ രൂപ വരുന്ന എയർബസ് എച്ച് 145 ഹെലികോപ്ടറാണ് രവി പിള്ള സ്വന്തമാക്കിയത്. എയർബസ് നിർമിച്ച ഹെലികോപ്ടർ ആദ്യമായാണ് ഇന്ത്യയിൽ ഒരാൾ വാങ്ങുന്നത്. പൈലറ്റിനെ കൂടാതെ ഏഴു പേർക്കാണ് കോപ്ടറിൽ യാത്ര ചെയ്യാനാകുക.
സമുദ്രനിരപ്പിൽ നിന്ന് ഇരുപതിനായിരം അടി ഉയരത്തിലുള്ള പ്രതലത്തിൽ പോലും ലാൻഡ് ചെയ്യാനും ടേക്ക് ഓഫ് ചെയ്യാനും കോപ്ടറിനാകും. അപകടത്തിൽപ്പെട്ടാലും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന എനർജി അബ്‌സോർബിങ് സീറ്റുകളാണ് കോപ്ടറിന്റെ പ്രത്യേകത. മണിക്കൂറിൽ 132 നോട്ട്‌സ്, അഥവാ ഏകദേശം 242 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാനുള്ള ശേഷിയുണ്ട്. മൂന്നര മണിക്കൂർ നിർത്താതെ പറക്കാനുമാകും. മെഴ്‌സിഡസ് ബെൻസാണ് കോപ്ടർ ഡിസൈൻ ചെയ്തിട്ടുള്ളത്.
കോഴിക്കോട്ടെ ഹോട്ടൽ റാവിസ് കടവ്, കൊല്ലം റാവിസ് അഷ്ടമുടി, തിരുവനന്തപുരം റാവിസ് കോവളം എന്നിവിടങ്ങളിലേക്ക് വിനോദസഞ്ചാരികളെ എത്തിക്കാനാണ് ഹെലികോപ്ടർ വാങ്ങിയത്.