'അതിഥികൾക്ക് സഞ്ചരിക്കാൻ ടൂറിസം വകുപ്പിന്റെ വാഹനങ്ങൾ അനുവദിക്കണം'; രാജ്ഭവന്റെ കത്ത് പുറത്ത്
|ഇന്നോവയടക്കം മൂന്ന് വാഹനങ്ങൾ, ഡ്രൈവർ ഉൾപ്പെടെ ആറു മാസത്തേക്ക് വിട്ടുനൽകണമെന്നാണ് കത്തിലെ ആവശ്യം
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അതിഥികൾക്ക് സഞ്ചരിക്കാൻ ടൂറിസം വകുപ്പിന്റെ വാഹനങ്ങൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള രാജ്ഭവന്റെ കത്ത് പുറത്ത്. 2021 സെപ്തംബർ 23ന് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി രാജ്ഭവനിൽ നിന്ന് പൊതുഭരണവകുപ്പിനയച്ച കത്താണ് പുറത്തുവന്നത്.
2021 ഒക്ടോബർ 10 മുതൽ 2022 മാർച്ച് വരെ രാജ്ഭവനിൽ കൂടുതൽ അതിഥികൾ എത്തുമെന്നും അവർക്ക് സഞ്ചരിക്കാൻ കൂടുതൽ വാഹനങ്ങൾ വേണമെന്നുമാണ് ഗവർണർക്ക് വേണ്ടി പ്രിൻസിപ്പൽ സെക്രട്ടറി സർക്കാരിനോട് ആവശ്യപ്പെട്ടത്. ഇന്നോവയടക്കം മൂന്ന് വാഹനങ്ങൾ, ഡ്രൈവർ ഉൾപ്പെടെ ആറു മാസത്തേക്ക് വിട്ടുനൽകണമെന്നാണ് കത്തിലെ ആവശ്യം.
ഗവർണറുടെ ഔദ്യോഗിക വാഹനവും സുരക്ഷാ അകമ്പടി വാഹനങ്ങളുമടക്കം നിരവധി വാഹനങ്ങൾ രാജ്ഭവനിലുണ്ടായിരിക്കെയാണ് കൂടുതലായി വാഹനങ്ങൾ വിട്ടുനൽകണമെന്ന് രാജ്ഭവൻ ആവശ്യപ്പെട്ടിരിക്കുന്നത്. അതിഥി സൽക്കാരത്തിനായി രാജ്ഭവൻ സർക്കാർ ഖജനാവിൽ നിന്ന് വൻതുക ചെലവഴിക്കുന്നതായും ആരോപണമുണ്ട്.