പി.സി.ജോർജ് കേരളരാഷ്ട്രീയം കണ്ട ഏറ്റവും വലിയ ദരിദ്രവാസി- വെള്ളാപ്പള്ളി നടേശൻ
|ജോർജിനെ കേരളത്തിൽ ആരും വിശ്വസിക്കില്ല. എങ്ങും സ്ഥലമില്ലാതെ വന്നപ്പോഴാണ് ജോർജ് ബി.ജെ.പിയിൽ ചേർന്നതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
പത്തനംതിട്ട: പി.സി. ജോർജ് കേരള രാഷ്ട്രീയം കണ്ട ഏറ്റവും വലിയ ദരിദ്രവാസിയെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ജോർജിനെ കേരളത്തിൽ ആരും വിശ്വസിക്കില്ല. എങ്ങും സ്ഥലമില്ലാതെ വന്നപ്പോഴാണ് ജോർജ് ബി.ജെ.പിയിൽ ചേർന്നതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
'പി.സി ജോർജിനെ സ്ഥാനാർഥിയാക്കാൻ തലയിൽ ജനവാസമുള്ള ആരും തയ്യാറാകില്ല. മത്സരിച്ചാൽ പി.സി ജോർജ് ദയനീയമായി പരാജയപ്പെടുമെന്ന് ഉറപ്പാണ്. പി.സി ജോർജിന് ആരും വോട്ട് ചെയ്യില്ല. ബി.ജെ.പിക്കാർ പോലും വോട്ട് ചെയ്യുമോ എന്ന് സംശയമാണ്' വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
എൻ.കെ പ്രേമചന്ദ്രനെ പിന്തുണച്ച വെള്ളാപ്പള്ളി മോദിക്കൊപ്പം ഭക്ഷണം കഴിച്ചതിൽ എന്താണ് തെറ്റെന്നും പിണറായി വിജയൻ മോദിക്ക് കൈ കൊടുത്തിട്ടില്ലേയെന്നും ചോദിച്ചു. എന്‍.കെ പ്രേമചന്ദ്രനെ മോശക്കാരനാക്കാൻ ആരൊക്കയോ ശ്രമിക്കുന്നു. ഭക്ഷണം കഴിക്കുന്നതിൽ എന്ത് വിപ്ലവമാണുള്ളതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
വി.ഡി സതീശനും കെ.സുധാകരനും ഒരുമിച്ച് സമരാഗ്നി യാത്ര നടത്തുന്നത് ഒരുമയില്ലാത്തതുകൊണ്ടാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. "ബാക്കിയെല്ലാ പാർട്ടികളിലും ഒരാളാണ് യാത്ര നയിക്കുന്നത്. രണ്ടാൾ യാത്ര നടത്തുന്നതിന് അർഥം നേതൃത്വം ഒരാളല്ല രണ്ടാളാണെന്നുള്ളതാണ്. നേതൃത്വത്തിൽ തമ്മിൽ തല്ലല്ലേ" വെള്ളാപ്പള്ളി പരിഹസിച്ചു.