എസ്.എൻ.ഡി.പിയെ ചുവപ്പും കാവിയും മൂടാൻ അനുവദിക്കില്ല: വെള്ളാപ്പള്ളി
|കാന്തപുരം വിഭാഗം സി.പി.എമ്മിനെവച്ച് ഒരുപാട് നേടി. ഒരു കാന്തം പോലും സി.പി.എമ്മിന് തിരിച്ചുകിട്ടിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ആലപ്പുഴ: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടിയുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്.എൻ.ഡി.പിയെ കാവിയും ചുവപ്പും മൂടാൻ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കാവിക്കാരും ചുവപ്പുകാരും മുതൽ ലീഗുകാരൻ വരെ എസ്.എൻ.ഡി.പിയിലുണ്ട്. എസ്.എൻ.ഡി.പി പ്രസക്തമെന്ന് ഗോവിന്ദൻ മാഷിന് തോന്നിയെങ്കിൽ അതിൽ സന്തോഷമുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഈഴവ വോട്ടുകൾ നഷ്ടപ്പെട്ടത് എന്തുകൊണ്ടാണെന്ന് പരിശോധിച്ച് തിരുത്തുകയാണ് സി.പി.എം ചെയ്യേണ്ടത്. ഇടതുപക്ഷം ഇത്രയും തോറ്റതിന് കാരണം സാധാരണക്കാരെ മറന്നുപോയതാണ്. മുസ്ലിം സമുദായത്തെ പ്രീണിപ്പിക്കാൻ എന്തൊക്കെ ചെയ്തു? എന്തെങ്കിലും കിട്ടിയോ? എം.വി ഗോവിന്ദനും താനും തമ്മിൽ ഒരു തർക്കവുമില്ല. കാലഘട്ടം മാറുമ്പോൾ ശൈലി മാറണം. ആരോടും വിരോധവും വിധേയത്വവുമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കാന്തപുരം വിഭാഗം സി.പി.എമ്മിനെവച്ച് ഒരുപാട് നേടി. 1200 ഏക്കറിൽ ഒരു സിറ്റിയുണ്ടാക്കി. എല്ലാ സഹായവും നൽകി. ഒരു കാന്തം പോലും സി.പി.എമ്മിന് തിരിച്ചുകിട്ടിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. എവിടെയും മുസ്ലിംകളെ പേടിച്ചാണ് എല്ലാവരും ജീവിക്കുന്നത്. മസിൽ പവറും മണി പവറും മുസ്ലിം സമുദായത്തിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നു. അതാണ് ക്രിസ്ത്യാനികൾ ബി.ജെ.പിക്ക് വോട്ട് ചെയ്തത്. മുസ് ലിം സമുദായത്തിന്റെ സമീപനങ്ങളാണ് അതിന് കാരണം. അവരെ എതിർത്താൽ ഒന്നുകിൽ കൈ വെട്ടും. അല്ലെങ്കിൽ പിടലിവെട്ടും. ഇതൊക്കെയാണ് എല്ലാ ദിവസവും മാധ്യമങ്ങളിലൂടെ കാണുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.