Kerala
വേഷം മാറുംപോലെ ഭാര്യയെ മാറുന്നയാൾ; ഭാര്യയുടെ തല്ല് വാങ്ങിയ മന്ത്രി; ഗണേഷ് കുമാറിനെതിരെ രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി നടേശൻ
Kerala

'വേഷം മാറുംപോലെ ഭാര്യയെ മാറുന്നയാൾ; ഭാര്യയുടെ തല്ല് വാങ്ങിയ മന്ത്രി'; ഗണേഷ് കുമാറിനെതിരെ രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി നടേശൻ

Web Desk
|
14 Oct 2023 8:15 AM GMT

''ഗണേഷിനെ മന്ത്രിയാക്കി മുഖംമിനുക്കാൻ നോക്കിയാൽ വെളുക്കാൻ തേച്ചത് പാണ്ടായ പോലെയാകും. അച്ഛനും മകനും കൂടി മുടിപ്പിച്ചതാണ് ഗതാഗത വകുപ്പ്. വേറെ വകുപ്പ് ചോദിക്കുന്നത് കറന്നു കുടിക്കാനാണ്.''

ആലപ്പുഴ: കെ.ബി ഗണേഷ് കുമാറിനെതിരെ രൂക്ഷവിമർശനവുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഗണേഷിനെ മന്ത്രിയാക്കി മുഖംമിനുക്കാൻ നോക്കിയാൽ വെളുക്കാൻ തേച്ചത് പാണ്ടായ പോലെയാകുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സ്വഭാവശുദ്ധിയില്ലാത്തയാളാണ് ഗണേഷ്. കൊള്ളയടിച്ചതിനു ശിക്ഷിക്കപ്പെട്ടയാളുടെ മകനാണെന്നും വെള്ളാപ്പള്ളി വിമർശിച്ചു.

''സ്വഭാവശുദ്ധിയില്ലാത്തയാളെയാണോ മന്ത്രിയാക്കുന്നത്? വേഷം മാറും പോലെ ഭാര്യയെ മാറുന്നയാളാണ് ഗണേഷ്. ഭാര്യയുടെ തല്ല് വാങ്ങിയ മന്ത്രിയാണ്. അച്ഛനും മകനും കൂടി മുടിപ്പിച്ചതാണ് ഗതാഗത വകുപ്പ്. വേറെ വകുപ്പ് ചോദിക്കുന്നത് കറന്നു കുടിക്കാനാണ്. കൊള്ളയടിച്ചതിന് ശിക്ഷിക്കപ്പെട്ടയാളുടെ മകനാണ് ഗണേഷ്.'' ഗണേഷും മന്ത്രിയായിരുന്നപ്പോൾ അഴിമതി നടത്തിയെന്നും ജനങ്ങൾ വിഡ്ഢികളാണെന്നു കരുതരുതെന്നും വെള്ളാപ്പള്ളി കടന്നാക്രമിച്ചു.

വിഴിഞ്ഞം തുറമുഖ വിഷയത്തിൽ ലത്തീൻ സഭയ്‌ക്കെതിരെയും അദ്ദേഹം തിരിഞ്ഞു. ചങ്ങലക്ക് ഭ്രാന്ത് പിടിക്കരുത്. പക്വത കാണിക്കണം. മതനേതാക്കൾ ഇങ്ങനെ സംഘടിച്ച് പ്രകോപിപ്പിക്കരുത്. ജനാധിപത്യത്തിലെ മര്യാദ കാണിക്കണം. അമ്പിളിമാമനെ പിടിച്ചുകൊടുക്കാൻ കഴിയില്ല. സർക്കാർ ചെയ്യാവുന്നതെല്ലാം ചെയ്യുന്നുണ്ട്. ലത്തീൻ സഭ അതിരുകടക്കുകയാണെന്നും വെള്ളാപ്പള്ളി.

ജാതി സെൻസസ് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ളതാണ്. അതിൽ ആത്മാർത്ഥതയില്ല. സെൻസസ് കൊണ്ട് പരിഹാരമാകില്ല. ജനസംഖ്യാനുപാതിക അവസരം നൽകുമെന്ന് പറയണം. സാമ്പത്തികമായി പിന്നാക്കമുള്ളതുമാത്രം നോക്കിയിട്ട് കാര്യമില്ല. സാമുദായിക കണക്ക് വേണം. ഇപ്പോൾ നടക്കുന്നത് തെരഞ്ഞെടുപ്പ് സ്റ്റണ്ടാണ്. ജാതി സെൻസസ് കണ്ണിൽ പൊടിയിടുന്ന അടവ് നയമായി മാത്രമേ കാണാനാവൂ. ക്ഷേത്രങ്ങളിലടക്കം അയിത്തം നിലനിൽക്കുന്നുണ്ട്. ഇതെല്ലാം സാമൂഹികസത്യങ്ങളാണെന്നും എൻ.എസ്.എസ് അഭിപ്രായം പറഞ്ഞാൽ അടുത്ത ദിവസം എതിർക്കുകയല്ലില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

Summary: SNDP Yogam General Secretary Vellappally Natesan strongly criticizes the move to make KB Ganesh Kumar minister in the Pinarayi Cabinet reshuffle

Similar Posts