'എന്നെ കള്ളനാക്കാൻ ശ്രമം, ബൈലോ ഭേഗഗതി എല്ലാവർക്കും ബാധകം'; വെള്ളാപ്പള്ളി നടേശൻ
|'ജനറല്‍ സെക്രട്ടറി സ്ഥാനം മോഹിക്കുന്നവരാണ് കേസിന് പിന്നില്‍'
'ആലപ്പുഴ: എസ്.എൻ.ട്രസ്റ്റിന്റെ ബൈലോയിൽ ഹൈക്കോടതിയുടെ നിർണായക ഭേദഗതിയില്‍ പ്രതികരിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വഞ്ചനാ കേസിലും ട്രസ്റ്റിന്റെ സ്വത്ത് കേസിലും പെട്ടവർ നേതൃപദവിയിൽ നിന്ന് മാറിനിൽക്കണമെന്നായിരുന്നു കോടതിയുടെ നിർദേശം. കുറ്റവിമുക്തരാകും വരെ ട്രസ്റ്റ് ഭാരവാഹിയാകരുതെന്നും കോടതി പറഞ്ഞു.
എന്നാൽ നിയമം എല്ലാവർക്കും ബാധകമാകുന്നതാണ് കോടതി വിധിയെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ' ചിലര്‍ ഇത് തനിക്ക് മാത്രമാണെന്ന് വ്യാഖ്യാനിക്കുകയാണ്. ട്രസ്റ്റിൽ ഇരിക്കുന്നവർക്കെല്ലാം ബാധകമാണ്. സാമ്പത്തിക്കുരുക്കിൽ പെടുത്താനല്ലാതെ ജനകോടതിയിൽ എന്നെ ഒരു ചുക്കും ചെയ്യാനാകില്ല. വെടക്കാക്കി തനിക്കുകയാണ് ചിലര്‍ ചെയ്യുന്നത്. ജനറല്‍ സെക്രട്ടറി സ്ഥാനം മോഹിച്ചു നടക്കുന്നവർ ഏറെയുണ്ട്.താൻ ഇനി സെക്രട്ടറിസ്ഥാനത്തേക്ക് വരരുത് എന്ന് ആഗ്രഹിക്കുന്നവരാണ് ഇത്തരം ഇടപെടലുകൾക്ക് പിന്നിലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
'ചാർജ് ഷീറ്റ് കൊടുത്താൽ മാത്രമേ വിധിക്ക് പ്രസക്തിയുള്ളൂ എന്നാണ് വിധിയിൽ പറയുന്നത്. പ്രതി ചേർത്തതുകൊണ്ട് മാത്രം കാര്യമില്ല. എസ്.എന്‍ ട്രസ്റ്റ്മായി ബന്ധപ്പെട്ട് തനിക്കെതിരെ കേസില്ല. ഇന്ത്യൻ പ്രധാനമന്ത്രി വരെ എത്ര കേസിൽ പ്രതിയായിരിക്കും. ശിക്ഷ അനുഭവിച്ചവർ പോലും ഭരിക്കുന്ന കാലമാണ്. ഞാൻ ഒരു കേസിലും കുറ്റക്കാരനല്ലെന്നും അതിനാല്‍ വിധി തന്നെ ബാധിക്കില്ലെന്നും വെള്ളപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. ഹൈക്കോടതി വിധി പൊതുവായുള്ളതാണ്. അത് നല്ല കാര്യം തന്നെയാണ്. തെരഞ്ഞെടുപ്പിൽ മത്സരിക്കണമോ എന്ന് തീരുമാനിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
എസ്.എൻ ട്രസ്റ്റ് മുൻ അംഗം ചെറുന്നിയൂർ ജയപ്രകാശ് നൽകിയ ഹരജിയിലാണ് എസ്.എൻ.ട്രസ്റ്റിന്റെ ബൈലോയിൽ ഹൈക്കോടതി നിർണായകമായ ഭേദഗതികൾ വരുത്താൻ ഉത്തരവിട്ടത്.