'പത്മജ കാണിച്ചത് പാരമ്പര്യ സ്വഭാവം'; ബി.ജെ.പിക്ക് മെമ്പർഷിപ്പ് തുക കിട്ടുമെന്നല്ലാതെ ഗുണമില്ലെന്ന് വെള്ളാപ്പള്ളി നടേശൻ
|കെ.മുരളീധരൻ ബന്ധം ഉപേക്ഷിക്കുമെന്ന് പറഞ്ഞത് കടന്ന കയ്യായിപ്പോയെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
ആലപ്പുഴ: പത്മജയെ കൊണ്ട് ബി.ജെ.പിക്ക് അംഗത്വ ഫീസ് ലഭിക്കുന്നതല്ലാതെ മറ്റൊരു ഗുണവും ഉണ്ടാകില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കെ.മുരളീധരൻ ബന്ധം ഉപേക്ഷിക്കുമെന്ന് പറഞ്ഞത് കടന്ന കയ്യായിപ്പോയി. പത്മജ കാണിച്ചത് പാരമ്പര്യ സ്വഭാവമാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
"പത്മജയ്ക്ക് കോണ്‍ഗ്രസിൽ നിന്ന് ഒരുപാട് പരിരക്ഷ കിട്ടിയിട്ടുണ്ട്. കോണ്‍ഗ്രസിൽ നിന്ന് വിട്ടുപോകുന്ന പാരമ്പര്യമാണ് അവർക്ക്. ഇക്കരെകണ്ട് അക്കരപ്പച്ച തിരക്കിയാണ് പോകുന്നത്. കെ.മുരളീധരൻ ബന്ധം ഉപേക്ഷിക്കുമെന്ന് പറഞ്ഞത് കടന്ന കയ്യായിപ്പോയി"- വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
കോൺഗ്രസിൽ നിരന്തര അവഗണന നേരിട്ടു എന്ന് പരാതിപ്പെട്ടാണ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റും രാഷ്ട്രീയകാര്യ സമിതി അംഗവുമായ പത്മജ കോൺഗ്രസ് വിടുന്നത്. ഒരു തവണ പാർലമെന്റിലേക്കും രണ്ട് തവണ നിയമ സഭയിലേക്കും മത്സരിച്ച പത്മജയെ അവഗണിച്ചിട്ടില്ലെന്ന് അനുനയത്തിനിറങ്ങിയ നേതാക്കൾ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ തൃശൂരിൽ പരാജയപ്പെടുത്താൻ മുന്നിട്ടിറങ്ങിയവർക്കെതിരെ നടപടി ഉണ്ടായില്ലെന്നാണ് പത്മജ കുറ്റപ്പെടുത്തുന്നത്. പരാതി നേതൃത്വം കീറികളഞ്ഞെന്നാണ് ഭർത്താവ് ഡോ.വേണുഗോപാലിന്റെ വാദം.
ഉപാധികൾ ഇല്ലാതെയാണ് ബി.ജെ.പിയിലേക്ക് പോകുന്നതെന്ന് പത്മജ അവകാശപ്പെടുന്നുണ്ടെങ്കിലും ഒഴിഞ്ഞു കിടക്കുന്ന ഗവർണർ പദവി, രാജ്യസഭാ സീറ്റ് എന്നിവയിലാണ് അവരുടെ കണ്ണ്. ഫേസ്ബുക്കിലെ ബയോയിൽ നിന്നും കോൺഗ്രസ് നേതാവ് എന്ന ഭാഗം ഇന്നലെ തന്നെ എഡിറ്റ് ചെയ്ത് മാറ്റിയിരുന്നു. ബി.ജെ.പിയിൽ ചേരാനുള്ള തീരുമാനം ഇന്നലെയാണ് എടുത്തതെന്നും പത്മജ പറഞ്ഞു.