ഹൈക്കോടതി ഉത്തരവ് തിരിച്ചടിയല്ല, ട്രസ്റ്റിന് പണമുണ്ടാക്കി കൊടുക്കുകയാണ് ചെയ്തത്, കേസിൽ വിചാരണ നേരിടും: വെള്ളാപ്പള്ളി നടേശൻ
|വിധി വന്ന് കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ മാത്രമേ എസ്.എൻ കോളേജ് സ്ഥാപനത്തിൽ നിന്ന് മാറിനിൽക്കേണ്ടതുള്ളൂവെന്നും വെള്ളാപ്പള്ളി
കൊച്ചി: കൊല്ലം എസ്.എൻ കോളജ് ഫണ്ട് തട്ടിപ്പ് കേസിൽ പ്രതികരിച്ച് എസ്.എൻ.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശൻ. കേസിലെ ആദ്യ കുറ്റപത്രത്തിൽ വിചാരണ തുടരാമെന്ന് ഇന്ന് ഹൈക്കോടതി ജസ്റ്റിസ് സിയാദ് റഹ്മാൻ ഉത്തരവിട്ടിരുന്നു. ഈ വിധിയോടാണ് അദ്ദേഹം വാർത്താസമ്മേളനത്തിൽ പ്രതികരിച്ചത്. കേസിൽ താൻ കുറ്റക്കാരനാണെന്ന് ഹൈക്കോടതി പറഞ്ഞിട്ടില്ലെന്നും കീഴ്‌ക്കോടതിയിൽ തുടർനടപടി നേരിടണമെന്ന് മാത്രമാണ് നിർദേശിച്ചിട്ടുള്ളതെന്നും വെള്ളാപ്പള്ളി പറഞ്ഞു. വിചാരണ കോടതിയിൽ പോകേണ്ടതില്ലെന്ന തന്റെ വാദം ഹൈക്കോടതി തള്ളുക മാത്രമാണ് ചെയ്തതെന്നും കുറ്റക്കാരനല്ലെന്ന് കോടതിയെ ബോധ്യപ്പെടുത്താൻ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വർഷങ്ങൾക്ക് മുമ്പ് നടന്ന എസ്.എൻ. ജൂബിലി ആഘോഷത്തിന് വലിയ ഫണ്ട് സമാഹരിച്ച് നൽകുകയാണ് താൻ ചെയ്തതെന്നും ഇതിന് മുമ്പ് ആരും ചെയ്തിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. കൂടെ നിന്ന ചില ചതിയന്മാരാണ് ഇത് ചെയ്തതെന്നും വിചാരണയുടെ വിധി വന്ന് കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ മാത്രമേ എസ്.എൻ കോളേജ് സ്ഥാപനത്തിൽ നിന്ന് മാറിനിൽക്കേണ്ടതുള്ളൂവെന്നും വെള്ളാപ്പള്ളി പറഞ്ഞു. അങ്ങനെയൊരു സാഹചര്യം വന്നാൽ മാറിനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേസിൽ അന്വേഷണസംഘം താൻ കുറ്റക്കാരനാകണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അഭിഭാഷകരുമായി ആലോചിച്ച് മേൽക്കോടതിയെ സമീപിക്കുന്ന കാര്യം തീരുമാനിക്കുമെന്നും കുറ്റക്കാരനാണെന്ന് പ്രഖ്യാപിക്കുന്നത് വരെ തനിക്ക് എസ്എൻഡിപിയിലും ട്രസ്റ്റിലും മത്സരിക്കാമെന്നും വെള്ളാപ്പള്ളി പറഞ്ഞു. വിചാരണ നേരിടുന്നത് എസ്എൻ ട്രസ്റ്റിലേക്ക് മത്സരിക്കുന്നതിന് തടസ്സമില്ലെന്നും വ്യക്തമാക്കി.
കേസ് തുടരേണ്ടതില്ലെന്ന റിപ്പോർട്ട് അംഗീകരിക്കണമെന്ന വെള്ളാപ്പള്ളിയുടെ ആവശ്യം തള്ളിയാണ് ഹൈക്കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചത്. എസ്എൻ കോളേജ് കനകജൂബിലി ആഘോഷങ്ങൾക്കായിപിരിച്ച തുകയിൽനിന്ന് 55 ലക്ഷം രൂപ വെള്ളാപ്പള്ളി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് കേസ്.
കേസിൽ തുടരന്വേഷണം നടക്കുന്നതോടെ എസ്.എൻ ട്രസ്റ്റുമായി ബന്ധപ്പെട്ട മുഴുവൻ പദവികളിൽ നിന്നും വെള്ളപ്പാള്ളി മാറിനിൽക്കേണ്ടി വരും. എസ്.എൻ ട്രസ്റ്റ് അംഗങ്ങൾ ഏതെങ്കിലും കേസിൽ പ്രതിയായാൽ മാറനിൽക്കണമെന്ന് കോടതി ട്രസ്റ്റ് ബൈലോ ഭേദഗതി വരുത്തിയിരുന്നു. ഇതോടെയാണ് വെള്ളാപ്പള്ളി സ്ഥാനത്ത് നിന്ന് മാറിനിൽക്കേണ്ടി വരിക. രണ്ട് തുടരന്വേഷണങ്ങളാണ് കേസിൽ നടന്നിരുന്നത്. ഹൈക്കോടതി നിർദേശ പ്രകാരം ക്രൈംബ്രാഞ്ചാണ് കേസിൽ ഒരു അന്വേഷണം നടത്തിയത്. വെള്ളപ്പാള്ളി ആവശ്യമുന്നയിച്ചതോടെ സർക്കാർ നിർദേശപ്രകാരം പൊലീസ് നടത്തിയ മറ്റൊരു അന്വേഷണവും നടന്നു.
സർക്കാർ നിർദേശപ്രകാരം നടന്ന അന്വേഷണത്തിൽ വെള്ളപ്പാള്ളിക്കെതിരെ തെളിവില്ലെന്ന് കണ്ടെത്തിയിരുന്നു. ഇത് പ്രകാരം കേസ് തുടരരുതെന്ന് വെള്ളാപ്പള്ളി കോടതിയിൽ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഹൈക്കോടതി ഉത്തരവ് പ്രകാരം നടത്തിയ അന്വേഷണത്തിൽ വെള്ളാപ്പള്ളിയെ പ്രതിചേർത്ത് 2020 കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് മുന്നോട്ട് പോകാനാണ് ഇപ്പോൾ കോടതി ഉത്തരവിട്ടിരിക്കുന്നത്.
SNDP leader Vellappally Natesan reacts to Kollam SN college fund fraud case