പി.സി ജോര്‍ജ് ഒളിവിലെന്ന് പൊലീസ്
|മൂന്ന് ദിവസമായി പി സി ജോർജിനെ തിരയുകയാണെന്ന് സി.എച്ച് നാഗരാജു പറഞ്ഞു
എറണാകുളം: വെണ്ണല വിദ്വേഷ പ്രസംഗക്കേസില്‍ പൊലീസ് തേടുന്ന പി സി ജോർജ് ഒളിവിലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു. മൂന്ന് ദിവസമായി പി സി ജോർജിനെ തിരയുകയാണ്. എന്നാല്‍ ഇതു വരെ അദ്ദേഹത്തെ കണ്ടെത്താനായാട്ടില്ല. അതേ സമയം വിദ്വേഷ പ്രസംഗക്കേസില്‍ ജാമ്യം റദ്ദാക്കിയതിനെതിരെ പി.സി ജോര്‍ജ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. വസ്തുതകൾ പരിഗണക്കാതെയാണ് ജില്ലാ സെഷൻസ് കോടതി ജാമ്യം നിരസിച്ചതെന്ന് പി സി ജോർജ് പറഞ്ഞു.
മതസൗഹാർദം തകർക്കുന്ന രീതിയിൽ താന്‍ പ്രസംഗിച്ചിട്ടില്ല. വെണ്ണല കേസ് രാഷ്ട്രീയ പ്രേരിതമാണ്. കേസില്‍ തന്‍റെ ജാമ്യം റദ്ദാക്കാനാണ് സർക്കാർ ശ്രമമെന്നും പി സി ജോർജ് ഹരജിയില്‍ പറഞ്ഞു. ഹരജി കോടതി ഇന്ന് പരിഗണിക്കും.
അതേസമയം വെണ്ണലയിലെ പ്രസംഗം പ്രതിഭാഗത്തിന്‍റെയും പ്രോസിക്യൂഷന്‍റെയും സാന്നിധ്യത്തിൽ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിശോധിക്കും. ജാമ്യം ലഭിച്ചിട്ടും പി.സി ജോർജ് വിദ്വേഷ പ്രസംഗം ആവർത്തിക്കുകയാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു.