വാക്കാലുള്ള ഉറപ്പിന് നിയമസാധുതയില്ല; വഖഫ് സമരം നിർത്തിവയ്ക്കാനായിട്ടില്ലെന്ന് കെഎൻഎം
|''മുസ്‌ലിം കോ-ഓഡിനേഷൻ കമ്മിറ്റി സമരപരിപാടിയുമായി മുന്നോട്ടുപോകും. ആ സമരത്തിൽ എല്ലാ മുസ്‌ലിം സംഘടനകളുമുണ്ടാകും''- കെഎൻഎം വൈസ് പ്രസിഡന്റ് ഡോ. ഹുസൈൻ മടവൂർ
വഖഫ് ബോർഡ് പിഎസ്‌സി നിയമന വിവാദത്തിൽ സമരത്തിൽനിന്ന് പിന്മാറാനായിട്ടില്ലെന്ന് കെഎൻഎം വൈസ് പ്രസിഡന്റ് ഡോ. ഹുസൈൻ മടവൂർ. മുഖ്യമന്ത്രിയുടെ വാക്കാലുള്ള ഉറപ്പിന് നിയമസാധുതയില്ല. നിയമസഭയിൽ തന്നെ തീരുമാനം പിൻവലിക്കണമെന്നും അതുവരെ സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
വഖഫ് ബോർഡിലേക്കുള്ള നിയമനം പിഎസ്‌സിക്ക് വിടാനുള്ള തീരുമാനം പെട്ടെന്ന് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് വളരെ സന്തോഷകരമായ കാര്യമാണ്. പക്ഷെ, വാക്കാലുള്ള ഉറപ്പ് നിയമത്തിന്റെ മുന്നിൽ നിലനിൽക്കില്ല. അതുകൊണ്ട് നിയമസഭയിൽ വച്ചുതന്നെ ഈ തീരുമാനം പിൻവലിക്കണം-അദ്ദേഹം ആവശ്യപ്പെട്ടു.
പിഎസ്‌സിക്ക് വിടാനുള്ള തീരുമാനം പിൻവലിച്ച് നിയമമാക്കുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്. അതുവരെ 16ഓളം മുസ്‌ലിം സംഘടനകളുടെ ഐക്യവേദിയായ മുസ്‌ലിം കോ-ഓഡിനേഷൻ കമ്മിറ്റി സമരപരിപാടിയുമായി മുന്നോട്ടുപോകുകയാണ്. ആ സമരത്തിൽ എല്ലാ മുസ്‌ലിം സംഘടനകളുമുണ്ടാകും. ഇതിൽനിന്ന് പിന്തിരിയാനോ സമരപരിപാടികൾ നിർത്തിവയ്ക്കാനോ ആയിട്ടില്ലെന്നും ഹുസൈൻ മടവൂർ കൂട്ടിച്ചേർത്തു.