കൂട്ട ബലാത്സംഗക്കേസിൽ 18 വർഷത്തിന് ശേഷം ശിക്ഷ; പ്രതികൾക്ക് 40 വര്‍ഷം തടവ്
|അഞ്ചംഗ ശേഷം യുവതിയെ കടപ്പുറത്ത് എത്തിച്ചശേഷം വാൾ കാട്ടി ഭിഷണിപ്പെടുത്തി കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.
തിരുവനന്തപുരം: 18 വർഷത്തിനുശേഷം ബലാത്സംഗ കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിനിയെ അഞ്ചംഗ സംഘം ക്രൂരബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിലാണ് വർക്കല ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി എസ്.ആർ സിനി ശിക്ഷ വിധിച്ചത്.
വെട്ടൂര്‍ സ്വദേശികളായ ഷാജഹാന്, നൗഷാദ്, വക്കം സ്വദേശികളായ ഉണ്ണി, ജ്യോതി, കീഴാറ്റിങ്ങല്‍ സ്വദേശി റഹീം എന്നിവരാണ് കേസിലെ പ്രതികൾ. ഇവർക്ക് 40 വര്‍ഷവും ആറ് മാസവും തടവും 2.35 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.
2006 സെപ്റ്റംബർ 29നാണ് കേസിനാസ്പരമായ സംഭവം. യുവതി വീട്ടിൽ ഒറ്റയ്ക്കാണെന്നു കണ്ട പ്രതികൾ കൃത്യം ആസൂത്രണം ചെയ്ത ശേഷം, രാത്രി ഒമ്പതു മണിയോടെ വാതിൽ ചവിട്ടിപ്പൊളിച്ച് അതിക്രമിച്ചു കയറി. തുടർന്ന് യുവതിയെ ബലംപ്രയോഗിച്ച് എടുത്തുകൊണ്ടുപോയി.
ശബ്ദം ഉണ്ടാക്കാതിരിക്കാൻ വായ മൂടിക്കെട്ടുകയും ചെയ്തു. ശേഷം കടപ്പുറത്ത് എത്തിച്ച അഞ്ചംഗ സംഘം യുവതിയെ വാൾ കാട്ടി ഭിഷണിപ്പെടുത്തി കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.
പിഴത്തുകയില്‍ രണ്ടു ലക്ഷം രൂപ അതിജീവിതയ്ക്ക് നല്കാൻ ഉത്തരവിട്ട കോടതി, നഷ്ടപരിഹാരം നല്കാൻ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്കും നിര്‍ദേശം നല്കി.