Kerala
AttappadiMadhu, AttappadiMadhucase, AttappadiMadhumurder
Kerala

അട്ടപ്പാടി മധു വധക്കേസിൽ വിധി ഇന്ന്

Web Desk
|
4 April 2023 1:14 AM GMT

127 സാക്ഷികളെ വിസ്തരിച്ച കേസിൽ മധുവിന്റെ ബന്ധുക്കൾ ഉൾപ്പെടെ 24 പേരാണ് കൂറുമാറിയത്. സാക്ഷിയെ കാഴ്ചപരിശോധനയ്ക്ക് അയച്ച അസാധാരണ സംഭവവുമുണ്ടായി

മണ്ണാർക്കാട്: കേരള മനഃസാക്ഷിയെ ഞെട്ടിച്ച അട്ടപ്പാടി മധു വധക്കേസിൽ വിധി ഇന്ന്. മണ്ണാർക്കാട് എസ്.സി-എസ്.ടി കോടതിയാണ് വിധിപറയുന്നത്. ആൾക്കൂട്ടക്കൊല നടന്ന് അഞ്ചുവർഷത്തിനുശേഷമാണ് കേസിൽ വിധി പറയുന്നത്. 16 പ്രതികളാണ് കേസിൽ വിചാരണ നേരിട്ടത്. കൂട്ടക്കൂറുമാറ്റങ്ങളിലൂടെ വാർത്തയായ കേസിൽ 11 മാസം നീണ്ട സാക്ഷിവിസ്താരത്തിനുശേഷമാണ് വിധി പ്രഖ്യാപിക്കാനിരിക്കുന്നത്.

2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി ആനവായ് കടുകമണ്ണ ഊരിൽ ആദിവാസി യുവാവ് മധുവിനെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തുന്നത്. മോഷണക്കുറ്റം ആരോപിച്ചാണ് നാട്ടുകാർ യുവാവിനെ ക്രൂരമായി മർദിച്ചത്. രാജ്യത്തെ തന്നെ പിടിച്ചുലച്ച സംഭവത്തിൽ ഏറെ പ്രതിഷേധങ്ങൾക്കൊടുവിൽ 3000ത്തിലധികം പേജുള്ള കുറ്റപത്രം അന്വേഷണസംഘം സമർപ്പിച്ചു. കുറ്റപത്രത്തിൽ 127 സാക്ഷികളാണ് തുടക്കത്തിലുണ്ടായിരുന്നത്. ഇതിൽ മധുവിന്റെ ബന്ധുക്കൾ ഉൾപ്പെടെ 24 പേർ കൂറുമാറി.

കേസിൽ വിചാരണ തുടങ്ങിയത് മുതൽ കൂറുമാറ്റവും ആരംഭിച്ചിരുന്നു. പ്രോസിക്യൂഷൻ മാത്രം 103 സാക്ഷികളെയാണ് വിസ്തരിച്ചത്. നേരത്തെ മജിസ്‌ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകിയവർ പോലും കൂറുമാറിയതിൽ ഉൾപെടുന്നു. പ്രതികളുടെ സമ്മർദ്ദത്തെ തുടർന്നാണ് കൂറുമാറ്റമെന്ന് പിന്നീട് തെളിഞ്ഞു. സാക്ഷിയെ കാഴ്ചപരിശോധനയ്ക്ക് വിധേയനാക്കിയ അസാധാരണ സംഭവവും വിചാരണയ്ക്കിടെ ഉണ്ടായി.

സ്വന്തം ഫോണിൽനിന്നുപോലും പ്രതികൾ പലതവണ സാക്ഷികളെ വിളിച്ചതായി കണ്ടെത്തി. സാക്ഷികളെ സ്വാധീനിച്ച 11 പ്രതികളെ വീണ്ടും റിമാൻഡ് ചെയ്തു. സ്വന്തം ദൃശ്യങ്ങൾ പോലും വ്യക്തമായി കാണുന്നില്ലെന്ന് പറഞ്ഞ സുനിൽകുമാർ എന്ന സാക്ഷിയുടെ കാഴ്ച പരിശോധനയ്ക്ക് ജഡ്ജി ഉത്തരവിട്ടു. സുനിൽകുമാറിന്റെ കാഴ്ചയ്ക്ക് ഒരു പ്രശ്‌നവുമില്ലെന്ന് പിന്നീട് കണ്ടെത്തുകയും ചെയ്തു.

കാളിമൂപ്പൻ, അനിൽകുമാർ, റസാഖ്, സുനിൽകുമാർ എന്നീ വനം വകുപ്പ് വാച്ചർമാരെ മൊഴിമാറ്റിയതിനെ തുടർന്നു പിരിച്ചുവിട്ടത്. നേരത്തെ മൊഴിമാറ്റിയ കക്കിമൂപ്പൻ എന്ന സാക്ഷി പ്രതികൾ ജയിലിലായതോടെ ശരിയായ മൊഴി നൽകി. പ്രതികളെ ഭയന്നാണ് മൊഴിമാറ്റി പറഞ്ഞതെന്ന കക്കി മൂപ്പന്റെ തുറന്നുപറച്ചിലും കോടതി ഗൗരവത്തിലെടുത്തിട്ടുണ്ട്.

Summary: Verdict in Attappadi Madhu murder case today

Similar Posts