ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹരജിയില്‍ വിധി മാര്‍ച്ച് 20 ന്
|ഹരജിയിൽ തലശ്ശേരി സെഷൻസ് കോടതിയിൽ ഇന്ന് വാദം പൂർത്തിയായി
കണ്ണൂര്‍: ഷുഹൈബ് വധകേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹരജിയിൽ ഈ മാസം 20 ന് വിധി പറയും. ഹരജിയിൽ തലശ്ശേരി സെഷൻസ് കോടതിയിൽ ഇന്ന് വാദം പൂർത്തിയായി.
ഷുഹൈബ് വധക്കേസിൽ കോടതിയുടെ ജാമ്യ വ്യവസ്ഥകൾ ആകാശ് തില്ലങ്കേരി ലംഘിച്ചെന്ന് ചൂണ്ടികാട്ടി പൊലീസ് കോടതിയെ സമീപിക്കുകയായിരുന്നു. ജാമ്യം ലഭിച്ചതിന് ശേഷവും ആകാശ് തില്ലങ്കേരി ക്രമിനൽ കുറ്റകൃത്യങ്ങളിൽ പങ്കാളിയായെന്നും സ്വർണ്ണക്കള്ളക്കടത്ത് കേസിലടക്കം അന്വേഷണം നേരിടുകയാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
ക്വട്ടേഷൻ പ്രവർത്തനുവുമായി ബന്ധപ്പെട്ട് സി.പി.എം നേതൃത്വത്തെ സോഷ്യൽ മീഡിയയിലൂടെ ആകാശ് തില്ലങ്കേരി പരസ്യമായി വെല്ലുവിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിച്ചത്. നിലവിൽ കാപ്പാ കേസിൽ ഉൾപ്പെട്ട് ജയിലിൽ കഴിയുകയാണ് ആകാശ് തില്ലങ്കേരി. ഫെബ്രുവരി 27ന് രാത്രിയാണ് ആകാശിനെയും ജിജോയെയും പൊലീസ് അറസ്റ്റ് ചെയ്തത്. ആറ് ദിവസത്തിന് ശേഷമാണ് ഇവരെ ജയിൽ മാറ്റുന്നത്.