കൊടകര കുഴൽപ്പണക്കസ്; തിരൂർ സതീഷിന്‍റെ മൊഴി രേഖപ്പെടുത്താൻ അനുമതി തേടിയുള്ള ഹരജിയില്‍ വിധി ഇന്ന്
|ഇന്നലെ തൃശൂർ പ്രിൻസിപ്പൽ സെഷൻ കോടതി വിശദമായ വാദം കേട്ടിരുന്നു
തൃശൂര്‍: കൊടകര കുഴൽപ്പണ കേസിൽ തിരൂർ സതീഷിന്‍റെ മൊഴി രേഖപ്പെടുത്താൻ അനുമതി തേടിയുള്ള പൊലീസിന്‍റെ ഹരജിയിൽ ഇന്ന് വിധി ഉണ്ടായേക്കും . ഇന്നലെ തൃശൂർ പ്രിൻസിപ്പൽ സെഷൻ കോടതി വിശദമായ വാദം കേട്ടിരുന്നു.
തീരുർ സതീഷിന്‍റെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ആയിരുന്നു പൊലീസ് നടപടി. 41 കോടി രൂപ കർണാടകയിൽ നിന്നും കേരളത്തിലേക്ക് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി തൃശൂരിലെ ഓഫീസിലേക്കടക്കം കൊണ്ടുവന്നെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഈ കാലഘട്ടത്തിൽ ബിജെപി തൃശൂർ ജില്ലാ ഓഫീസ് സെക്രട്ടറിയായിരുന്നു തിരൂർ സതീഷ്.
ആറ് ചാക്കുകളിലായാണ് പണം ഓഫീസിൽ എത്തിച്ചതെന്ന് സതീഷ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ധർമരാജ് എന്നയാളാണ് പണം കൊണ്ടുവന്നതെന്നും പറഞ്ഞിരുന്നു.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് തൃശൂരിലെ കൊടകരയിൽ വ്യാജ വാഹനാപകടമുണ്ടാക്കി പണം കവർന്ന സംഭവം നടന്നത്. അപകടത്തിൽ 25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നായിരുന്നു ആദ്യം പരാതി ഉയർന്നത്. പിന്നീട് മൂന്നരക്കോടി വരെ നഷ്ടപ്പെട്ടെന്ന് പരാതിയുണ്ടായി. തൃശൂരിൽനിന്ന് ആലപ്പുഴയിലേക്കു പണം കൊണ്ടുപോകും വഴിയായിരുന്നു അപകടം. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇത് ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണെന്നു കണ്ടെത്തുന്നത്. പണം കർണാടകയിൽനിന്ന് എത്തിച്ചയാണെന്നും കണ്ടെത്തലുണ്ടായിരുന്നു.