Kerala
Veterinary hospital employee fired for praising Oommen Chandy, Sathiyamma job controversy
Kerala

'ഉമ്മൻ ചാണ്ടി ചെയ്ത സഹായങ്ങളെക്കുറിച്ചു പറഞ്ഞു'; മൃഗാശുപത്രി ജീവനക്കാരിയെ പുറത്താക്കി

Web Desk
|
22 Aug 2023 4:06 AM GMT

മകന്റെ മരണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചെയ്തുതന്നത് ഉമ്മന്‍ ചാണ്ടിയായിരുന്നു. മകളുടെ കല്യാണത്തിനും സഹായിച്ചു-സതിയമ്മ

കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പ്രകീർത്തിച്ചതിനു വെറ്ററിനറി ആശുപത്രിയിലെ ജീവനക്കാരിയെ പിരിച്ചുവിട്ടതായി പരാതി. കൈതേപ്പാലം മൃഗാശുപത്രിയിൽ താൽക്കാലിക ജീവനക്കാരിയായ പുതുപ്പള്ളി സ്വദേശി പി.ഒ സതിയമ്മയ്ക്കാണു ജോലി നഷ്ടമായത്. ചാനൽ റിപ്പോർട്ടർമാരോട് ഉമ്മൻ ചാണ്ടി ചെയ്ത സഹായങ്ങളെക്കുറിച്ചു പങ്കുവച്ചതിനാണു നടപടിയെന്നാണു പരാതി.

13 വർഷമായി മൃഗാശുപത്രിയിൽ സ്വീപ്പറാണ് സതിയമ്മ. ഒരു നോട്ടിസും അറിയിപ്പുമില്ലാതെയാണു നടപടിയെന്നും പരാതിയുണ്ട്. ഇനി ജോലിക്കു വരേണ്ടതില്ലെന്ന് ഡി.ഡി വഴി അറിയിക്കുകയായിരുന്നുവെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു.

ഉമ്മൻചാണ്ടി ചെയ്ത സഹായങ്ങൾ മാത്രമാണ് താൻ മാധ്യമങ്ങളോട് പങ്കുവച്ചത്. മകന്റെ മരണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചെയ്തുതന്നത് അദ്ദേഹമായിരുന്നു. മകളുടെ കല്യാണത്തിനും സഹായിച്ചു. ഈ ഉപകാരങ്ങളെക്കുറിച്ചു മാധ്യമങ്ങളോട് പറഞ്ഞതിനാണു നടപടിയെന്നു സംശയിക്കുന്നതായും സതിയമ്മ പറഞ്ഞു.

കുടുംബശ്രീയുടെ പേരിലല്ല ജോലിക്ക് കയറിയത്. പിന്നീട് വർഷങ്ങൾക്കുശേഷമാണ് കുടുംബശ്രീ വഴി ആയത്. അംഗങ്ങളുടെ പിന്തുണയോടെയാണ് ജോലിക്കു കയറിയത്. ആറുമാസം കൂടുമ്പോഴാണ് കരാർ പുതുക്കാറുള്ളതെന്നും ജോലി തിരികെകിട്ടുമെന്നാണു പ്രതീക്ഷയെന്നും അവർ പറഞ്ഞു.

Summary: Sathiyamma, a temporary employee of a veterinary hospital was fired for praising the late former Kerala CM Oommen Chandy

Similar Posts