മുഖ്യമന്ത്രിയുടെ യൂറോപ്യന്‍ പര്യടനം ചിത്രീകരിക്കാന്‍ വീഡിയോ സംഘം; ചെലവ് 7 ലക്ഷം
|ഇന്ന് രാത്രിയാണ് മുഖ്യമന്ത്രി യൂറോപ്പിലേക്ക് തിരിക്കുന്നത്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ യൂറോപ്യൻ പര്യടനത്തിന് വീഡിയോ ,ഫോട്ടോ കവറേജ് ഉണ്ടാകും. ഇതിനായി ഏജൻസിയെ തെരഞ്ഞെടുത്തു. 7 ലക്ഷം രൂപയാണ് വീഡിയോ , ഫോട്ടോ കവറേജിനായി നൽകുന്നത്. ഇന്ന് രാത്രിയാണ് മുഖ്യമന്ത്രി യൂറോപ്പിലേക്ക് തിരിക്കുന്നത്.
ഒക്ടോബർ 2 മുതൽ 4 വരെ ഫിൻലന്‍റിലും 5 മുതൽ 7 വരെ നോർവേയിലും 9 മുതൽ 12 വരെ യു.കെയിലും മുഖ്യമന്ത്രി നടത്തുന്ന സന്ദർശനമാണ് ചിത്രീകരിക്കുന്നത്. ഫിൻലന്‍റില്‍ വീഡിയോ, ഫോട്ടോ കവറേജ് ലഭിച്ചത് സുബഹം കേശ്രീയ്ക്കാണ്. 3200 യൂറോ അതായത് 2,54, 224 രൂപയാണ് ചെലവ് .നോർവേയിൽ മൻദീപ് പ്രീയനാണ് കവറേജ് ലഭിച്ചത്. 32000 നോർവീജിയൻ ക്രോണേയ്ക്കാണ് കരാർ. അതായത് 2, 39, 592 രൂപ ചിലവാകും. യു.കെയിൽ എസ്. ശ്രീകുമാറിനാണ് കരാർ . 2250 പൗണ്ടിനാണ് കരാർ ഉറപ്പിച്ചത്. 2 , 03,313 രൂപ വരുമിത്.
വീഡിയോ , ഫോട്ടോ കവറേജ് ചെയ്യാൻ ഈ മൂന്നുപേരും നൽകിയ ക്വട്ടേഷൻ സർക്കാർ അംഗികരിച്ചു. ഇതിന്‍റെ ചെലവുകൾ പ്രസ് ഫെസിലിറ്റിസ് എന്ന ശീർഷകത്തിൽ നിന്ന് വഹിക്കും. ഇത് സംബന്ധിച്ച ഉത്തരവ് പി.ആർ.ഡി പുറത്തിറക്കി.