Kerala
K Vidya, Agally Policeകെ.വിദ്യ- അഗളി പൊലീസ് 
Kerala

'ഗൂഢാലോചന': അട്ടപ്പാടി കോളജ് പ്രിൻസിപ്പലിനെതിരെ വിദ്യയുടെ മൊഴി

Web Desk
|
22 Jun 2023 3:58 AM GMT

വിദ്യയുടെ ബയോഡാറ്റയിലെ കൈയക്ഷരവും ഒപ്പും ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും

പാലക്കാട്: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ തനിക്കെതിരെ ഗൂഢാലോചന നടത്തിയത് അട്ടപ്പാടി ഗവൺമെന്റ് കോളജ് പ്രിൻസിപ്പലെന്ന് വിദ്യയുടെ മൊഴി. രാഷ്ട്രീയ ഗൂഢാലോചനയാണ് നടന്നതെന്നും വിദ്യ മൊഴി നൽകി. വിദ്യയുടെ ബയോഡാറ്റയിലെ കൈയക്ഷരവും ഒപ്പും ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും.

മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയെന്ന കേസില്‍ കസ്റ്റഡിയിലെടുത്ത കെ. വിദ്യയെ അഗളി ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിദ്യയെ 11 മണിയോടെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കും. ഇന്നലെ രാത്രി കോഴിക്കോട് മേപ്പയൂര്‍ കുട്ടോത്തെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് അഗളി പൊലീസ് വിദ്യയെ കസ്റ്റഡിയിലെടുത്തത്. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഒളിവില്‍ പോയ വിദ്യയെ 15 ദിവസങ്ങള്‍ക്ക് ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

മഹാരാജാസ് കോളജിന്‍റെ പേരിൽ വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുണ്ടാക്കി ജോലിക്ക് ശ്രമിച്ചതിനാണ് വിദ്യക്കെതിരെ കേസെടുത്തത്. പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ കോളജിലെ മലയാളം ഗസ്റ്റ് ലക്ചറർ തസ്തികയിൽ നിയമനത്തിന് വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണ് കേസ്. വിദ്യയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത ആഴ്ചയിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്.

അതിനിടെ വിദ്യ ഒളിച്ചു താമസിച്ച മേപ്പയൂരിൽ യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. മേപ്പയൂർ പൊലീസ് സ്റ്റേഷന് മുന്നിലാണ് യൂത്ത് കോൺഗ്രസ് ആദ്യം പ്രതിഷേധ പ്രകടനം നടത്തിയത്. പിന്നാലെ പേരാമ്പ്ര - വടകര റോഡിലെ പന്നിമുക്കില്‍ യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ ഉപരോധം നടത്തി. വിദ്യയ്ക്ക് ഒളിച്ചു താമസിക്കാൻ പൊലീസ് സൗകര്യമൊരുക്കി എന്നാരോപിച്ചായിരുന്നു പ്രതിഷേധം.


Similar Posts