വിദ്യവാഹിനി പദ്ധതിയിലോടുന്ന വാഹനങ്ങൾക്ക് ഡീസലടിക്കാൻ പണമില്ല; കോട്ടൂർ അഗസ്ത്യവനത്തിലെ ഡ്രൈവർമാർ പ്രതിസന്ധിയിൽ
|ഡ്രൈവർമാർ സർവീസ് അവസാനിപ്പിച്ചാൽ വിദ്യാർഥികളുടെ ഭാവിയും അനിശ്ചിതത്വത്തിൽ ആകും
തിരുവനന്തപുരം: ആദിവാസി മേഖലയിലെ വിദ്യാർഥികളെ സ്കൂളിൽ എത്തിക്കുന്ന വിദ്യവാഹിനി പദ്ധതി പ്രകാരം ഓടുന്ന വാഹനങ്ങൾക്ക് ഡീസൽ അടിക്കാൻ പണമില്ല. നാലുമാസമായി പണം ലഭിക്കാത്തതിനെ തുടർന്ന് പ്രതിസന്ധിയിലാണ് തിരുവനന്തപുരം കോട്ടൂർ അഗസ്ത്യവനത്തിലെ ഡ്രൈവർമാർ. ഡ്രൈവർമാർ സർവീസ് അവസാനിപ്പിച്ചാൽ വിദ്യാർഥികളുടെ ഭാവിയും അനിശ്ചിതത്വത്തിൽ ആകും.
കിലോമീറ്ററുകളോളം താണ്ടി ഉൾവനത്തിൽ നിന്നും സ്കൂളിലെത്തുന്ന ആദിവാസി വിദ്യാർത്ഥികളുടെ യാത്ര സൗകര്യം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ ആരംഭിച്ച പദ്ധതിയാണ് വിദ്യാവാഹിനി. കോട്ടൂർ അഗസ്ത്യവനത്തിലെ 100ൽ അധികം വിദ്യാർത്ഥികളാണ് ഈ പദ്ധതി ആശ്രയിച്ച് സ്കൂളിൽ എത്തുന്നത്. എന്നാൽ പദ്ധതിയുടെ ഭാഗമായി ഓടുന്ന 10 വാഹനങ്ങൾക്ക് ഡീസൽ അടിക്കാൻ പണം നൽകിയിട്ട് നാലുമാസം പിന്നിടുന്നു. സംസ്ഥാനത്തെ ആദിവാസി വികസന വകുപ്പാണ് ഡ്രൈവർമാർക്ക് പണം അനുവദിക്കേണ്ടത്. എന്നാൽ ചോദിക്കുമ്പോൾ ഫണ്ടില്ല എന്ന് മറുപടി മാത്രമാണ് അധികൃതരിൽ നിന്ന് ലഭിക്കുന്നത് എന്നും ഇവർ പറയുന്നു.
കുട്ടികളുടെ ഭാവിയെ കരുതിയാണ് കടുത്ത നടപടികളിലേക്ക് ഇവർ നീങ്ങാത്തത്. എന്നാൽ ഈ സാഹചര്യം തുടർന്നാൽ വാഹനങ്ങൾ ഓടിക്കാൻ ആകാത്ത സ്ഥിതിയുണ്ടാകുമെന്നും ഡ്രൈവർമാർ പറയുന്നു.