ആവശ്യത്തിന് ടാറില്ല, റോഡിന് കനമില്ല; ഓപ്പറേഷൻ സരൾ രാസ്തയിൽ നിരവധി കണ്ടെത്തലുകൾ
|സംസ്ഥാനത്ത് 116 റോഡുകളാണ് വിജിലൻസ് പരിശോധിച്ചത്. ആറ് മാസത്തിനുളളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതോ നിർമാണം പൂർത്തിയാക്കിയതോ ആയ റോഡുകളിലാണ് പരിശോധന നടന്നത്.
കേരളത്തിൽ റോഡ് നിർമാണത്തിൽ വ്യാപക ക്രമക്കേടെന്ന് വിജിലൻസ് കണ്ടെത്തൽ. നിർമാണത്തിന് നിഷ്കർച്ചിട്ടുള്ള ഗ്രേഡ് മെറ്റൽ ഉപയോഗിക്കുന്നില്ലെന്നും ടാർ നിശ്ചിത അളവിൽ ഉപയോഗിക്കാത്തത് കാരണം റോഡുകൾ നശിക്കുന്നതായും വിജിലൻസ് കണ്ടെത്തി. ഓപ്പറേഷൻ സരൾ രാസ്ത എന്ന പേരിൽ സംസ്ഥാനത്തുടനീളം നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ.
ടെൻഡറിൽ പറയുന്ന കനത്തിലല്ല ലെയറുകൾ നിർമിക്കുന്നത് എഞ്ചിനിയർമാരുമായി ഒത്തുകളിച്ച് ബില്ലുകൾ മാറുന്നെന്നും റിപ്പോർട്ടിലുണ്ട്.
റോഡ് നിർമാണത്തിലെ ഈ അപാകത സർക്കാരിന് വൻ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നെന്നും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നുണ്ട്.
സംസ്ഥാനത്ത് 116 റോഡുകളാണ് വിജിലൻസ് പരിശോധിച്ചത്. ആറ് മാസത്തിനുളളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതോ നിർമാണം പൂർത്തിയാക്കിയതോ ആയ റോഡുകളിലാണ് പരിശോധന നടന്നത്. റോഡുകളുടെ നിർമാണം, ടാറിങ് ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ എന്നിവ കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയാണ് ഓപ്പറേഷൻ രാസ്തയിലൂടെ വിജിലൻസ് ലക്ഷ്യമിടുന്നത്.
സംസ്ഥാനത്തെ റോഡുകളുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികളടക്കം നിരന്തരം ആരോപണങ്ങൾ ഉന്നയിക്കുന്ന സാഹചര്യത്തിലാണ് വിജിലൻസിന്റെ നടപടി. പരിശോധനാ റിപ്പോർട്ട് എഞ്ചിനീയറിങ് വിഭാഗത്തിന് കൈമാറിയ ശേഷമാകും അന്തിമ നടപടികൾ തീരുമാക്കുക. വിജിലൻസ് മേധാവി എഡിജിപി മനോജ് എബ്രഹാമിന്റെ നിർദ്ദേശത്തെ തുടർന്ന് ഇഎസ് ബിജു പോൾ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് പരിശോധന നടന്നത്.