Kerala
വിജിലൻസ് ബലമായി പിടിച്ചുകൊണ്ടുപോയി, നോട്ടീസ് നൽകിയിട്ടില്ല; ചോദിച്ചത് സ്വപ്നയുടെ മൊഴിയെപ്പറ്റി- സരിത്
Kerala

വിജിലൻസ് ബലമായി പിടിച്ചുകൊണ്ടുപോയി, നോട്ടീസ് നൽകിയിട്ടില്ല; ചോദിച്ചത് സ്വപ്നയുടെ മൊഴിയെപ്പറ്റി- സരിത്

Web Desk
|
8 Jun 2022 9:18 AM GMT

16ാം തീയതി വിജിലൻസ് ഓഫീസിൽ ഹാജരാകാൻ നോട്ടിസ് നൽകിയെന്നും സരിത് പറഞ്ഞു

പാലക്കാട്: ലൈഫ് മിഷൻ കേസിൽ സരിത് സ്വമേധയാ മൊഴി നൽകാനെത്തിയതാണെന്ന വിജിലൻസ് വാദം തള്ളി സരിത്. നോട്ടീസ് നൽകാതെ തന്നെ വിജിലൻസ് ബലമായി പിടിച്ചു കൊണ്ട് പോയതാണെന്നും ഫ്ലാറ്റിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകുമെന്നും സരിത് പറഞ്ഞു. ലൈഫ് മിഷൻ കേസിനെ പറ്റി ഒന്നും ചോദിച്ചില്ല, ആര് പറഞ്ഞിട്ടാണ് മുഖ്യമന്ത്രിക്കെതിരെ സ്വപ്ന മൊഴി കൊടുത്തതെന്നാണ് ചോദിച്ചത്. അതേസമയം,16ാം തീയതി വിജിലൻസ് ഓഫീസിൽ ഹാജരാകാൻ നോട്ടിസ് നൽകിയെന്നും സരിത്ത് കൂട്ടിച്ചേര്‍ത്തു.

വടക്കാഞ്ചേരി ലൈഫ് മിഷൻ കേസില്‍ മൊഴിയെടുക്കാനാണ് സരിത്തിനെ കൊണ്ടുപോയതെന്നും കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നുമായിരുന്നു വിജിലന്‍സ് സംഘം വിശദീകരിച്ചത്. മൊഴിയെടുക്കാനുള്ള നോട്ടീസ് നൽകാനാണ് ഫ്ളാറ്റില്‍ പോയതെന്നും നോട്ടീസ് കൈപറ്റിയ ശേഷം സരിത് അപ്പോൾ തന്നെ സ്വമേധയാ കൂടെ വരികയായിരുന്നെന്നുമായിരുന്നു വിജിലൻസ് പറഞ്ഞത്.

സരിത്തിനെ താമസസ്ഥലത്ത് നിന്ന് തട്ടിക്കൊണ്ടുപോയെന്ന ആരോപണവുമായി സ്വപ്ന സുരേഷ് രംഗത്തെത്തിയിരുന്നു. തനിക്കും കുടുംബത്തിനുമെതിരെ പൊലീസ് കള്ളക്കേസെടുക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു സ്വപ്നയുടെ ആരോപണം. തട്ടികൊണ്ട് പോകുന്ന പോലെയാണ് സരിത്തിനെ കൊണ്ട് പോയത്, ലൈഫ് മിഷൻ കേസിൽ മറ്റൊരു പ്രതിയായ ശിവശങ്കറിനോടും ഇങ്ങനെയാണോ വിജിലൻസ് പെരുമാറുകയെന്നും സ്വപ്ന ചോദിച്ചു. സുരേഷ് സ്വപ്നയുടെ ആരോപണത്തിന് പിന്നാലെ പാലക്കാട്ടെ പൊലീസ് സംഘം ഫ്‌ളാറ്റിലെത്തി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും ഫ്‌ളാറ്റിലെ ജീവനക്കാരിൽ നിന്ന് മൊഴിയെടുക്കുകയും ചെയ്തിരുന്നു.

Similar Posts