പണക്കിഴി വിവാദം; തൃക്കാക്കര നഗരസഭ മുന്‍ അധ്യക്ഷ അജിത തങ്കപ്പനെതിരെ വിജിലൻസ് കേസെടുത്തു
|ഓണാഘോഷവുമായി ബന്ധപ്പെട്ട കണക്കുകൾ പെരുപ്പിച്ച് കാട്ടി സർക്കാരിന് നഷ്ടം വരുത്തിയെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു
കൊച്ചി: തൃക്കാക്കര നഗരസഭയിലെ പണക്കിഴി വിവാദത്തിൽ മുൻ അധ്യക്ഷ അജിത തങ്കപ്പനെതിരെ വിജിലൻസ് കേസെടുത്തു. രണ്ടാം പ്രതിയായ റവന്യൂ ഇൻസ്പെക്ടർ പ്രകാശ് കുമാറിനെതിരെയും കേസ് എടുത്തിട്ടുണ്ട്. ഓണാഘോഷവുമായി ബന്ധപ്പെട്ട കണക്കുകൾ പെരുപ്പിച്ച് കാട്ടി സർക്കാരിന് നഷ്ടം വരുത്തിയെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു.
2021 ൽ ഓണാഘോഷവുമായി ബന്ധപ്പെട്ട് നഗരസഭ അധ്യക്ഷയുടെ ഓഫീസിൽ കൗൺസിലർമാരെ വിളിച്ചുവരുത്തി ഓണകിറ്റിനൊപ്പം പണ കിഴി നൽകിയത് വിവാദമായിരുന്നു. പിന്നാലെ വിജിലൻസ് അന്വേഷണവും ആരംഭിച്ചു. മുൻ അധ്യക്ഷ അജിത തങ്കപ്പനെ ഒന്നാം പ്രതിയായും,അന്നത്തെ റവന്യു ഇൻസ്പെക്ടർ യു.പ്രകാശ് കുമാർ രണ്ടാം പ്രതിയായമാണ് കേസെടുത്തിരിക്കുന്നത്.
IPC 409, 465, 471,477 A വകുപ്പുകൾ പ്രകാരമാണ് കേസ്. ഓണകിറ്റിനൊപ്പം പണമടങ്ങിയ കവർ കണ്ട പ്രതിപക്ഷ കൗൺസിലർമാർ ഓണകിറ്റ് നഗരസഭ അധ്യക്ഷയെ തിരിച്ചേൽപ്പിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. തുടർന്ന് സ്വതന്ത്ര കൗൺസിലർ പി.സി മനൂപും എൽ.ഡി.എഫ് അംഗങ്ങളും വിജിലൻസിൽ പരാതി നൽകി. ഇതിനെതുടർന്ന് എൽഡിഎഫിന്റെ നേതൃത്വത്തിൽ വലിയ പ്രതിഷേധ സമരങ്ങളാണ് നഗരസഭയിൽ ഉണ്ടായത്. കോൺഗ്രസ് കൗൺസിലറായ വി.ഡി സുരേഷ് അജിത തങ്കപ്പൻ പണക്കിഴി നൽകുന്നത് കണ്ടതായി മൊഴി നൽകിയിരുന്നു. തുടർന്ന് വിജിലൻസ് നടത്തിയ പരിശോധനയിലാണ് 2021 ഓണാഘോഷത്തിലെ വ്യാപക ക്രമകേടുകൾ കണ്ടത്തിയത്.