Kerala
Vigilance investigation against ADGP; Government will not protect any criminal- LDF convener, latest news malayalam, എഡിജിപിക്കെതിരായ വിജിലൻസ് അന്വേഷണം; ഒരു കുറ്റവാളിയെയും സർക്കാർ സംരക്ഷിക്കില്ല- എൽഡിഎഫ് കൺവീനർ
Kerala

എഡിജിപിക്കെതിരായ വിജിലൻസ് അന്വേഷണം; ഒരു കുറ്റവാളിയെയും സർക്കാർ സംരക്ഷിക്കില്ല- എൽഡിഎഫ് കൺവീനർ

Web Desk
|
20 Sep 2024 5:27 AM GMT

പൂരം കലക്കൽ പരാതിയിലും സർക്കാർ ഉചിതമായ തീരുമാനമെടുക്കുമെന്നും ടി.പി രാമകൃഷ്ണൻ

തിരുവനന്തപുരം: എഡിജിപിക്കെതിരായ വിജിലൻസ് അന്വേഷണത്തിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ. ഒരു കുറ്റവാളിയെയും സർക്കാർ സംരക്ഷിക്കില്ലെന്ന് ടി.പി രാമകൃഷ്ണൻ വ്യക്തമാക്കി. സർക്കാരിന്റെ ആ നിലപാടിനോട് യോജിച്ചതാണ് ഇടതുമുന്നണിയുടെയും നിലപാടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കുറ്റവാളി ആണെങ്കിൽ സംരക്ഷിക്കില്ല എന്ന് മുഖ്യമന്ത്രിയും അത് വ്യക്തമാക്കിയിരുന്നതായും സർക്കാർ നിലപാടിനെ പിന്തുണയ്ക്കുന്ന സമീപനമാണ് എൽഡിഎഫിന്റേതെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തിൽ മാധ്യമങ്ങളുടെ സമീപനം ഇങ്ങനെയല്ല ഉണ്ടാവേണ്ടത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ അന്വേഷണവുമായി ബന്ധപ്പെട്ട ഫയൽ വച്ചുതാമസിപ്പിച്ചിട്ടില്ലെന്ന് രാമകൃഷ്ണൻ പറഞ്ഞു. സർക്കാർ നടപടികൾ കൃത്യതയോടെ കൂടി നടപ്പിലാക്കും. വിജിലൻസ് അന്വേഷണത്തിന്റെ റിപ്പോർട്ട് വരട്ടെയെന്നും അപ്പോഴേ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിഷയത്തിൽ വ്യക്തത വരൂവെന്ന് അദ്ദേഹം പറഞ്ഞു. വിജിലൻസ് അന്വേഷണം എഡിജിപിക്കെതിരായ സാമ്പത്തിക കുറ്റകൃത്യ ആരോപണം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൃശ്ശൂർ പൂരം കലക്കിയെന്ന ആരോപണത്തിൽ പരാതി സർക്കാരിൻ്റെ മുന്നിലുണ്ട്. അത് സംബന്ധിച്ചും ഗവൺമെന്റ് ഉചിതമായ തീരുമാനമെടുക്കും. സിപിഐ പാർട്ടി എന്ന രീതിയിൽ അഭിപ്രായം പറഞ്ഞെന്ന് വരും. എല്ലാവരുടെയും അഭിപ്രായം മാനിച്ചുള്ള നടപടിയാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് രാമകൃഷ്ണൻ വ്യക്തമാക്കി. സിപിഐ പറയുന്ന അഭിപ്രായങ്ങൾക്ക് മറുപടി പറയേണ്ടത് താനല്ലെന്നും അത് സിപിഐയോടെ തന്നെ ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരായ അൻവറുടെ ആരോപണത്തിൽ പ്രതികരിച്ച അദ്ദേഹം മുന്നണിക്ക് മുമ്പാകം ആ പരാതി വന്നിട്ടില്ലെന്നും അത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും പറഞ്ഞു.

എൻസിപിയിലെ മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട കാര്യവും മുന്നണിക്ക് മുന്നിൽ വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വയനാട് ദുരന്തത്തിൽ കേന്ദ്രം പണം നൽകിയിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എംഎൽഎമാരും മന്ത്രിമാരും പ്രതിപക്ഷ നേതാവും രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയിട്ടുണ്ട്. ദുരന്തമുഖത്ത് സഹായമാണ് ആവശ്യം. ഗവർണർ പറയുന്ന അഭിപ്രായങ്ങളെല്ലാം യോജിക്കാൻ കഴിയുന്നില്ലെന്നും ടിപി രാമകൃഷ്ണൻ വ്യക്തമാക്കി.

Similar Posts