കത്ത് വിവാദത്തിൽ വിജിലൻസ് അന്വേഷണം ഇന്ന് ആരംഭിക്കും
|ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി ഫയൽ ചെയ്ത മുൻ കൗൺസിലർ ജി.എസ് ശ്രീകുമാറിന്റെ മൊഴി അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തും
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ വിജിലൻസ് അന്വേഷണം ഇന്ന് ആരംഭിക്കും. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി ഫയൽ ചെയ്ത മുൻ കൗൺസിലർ ജി.എസ് ശ്രീകുമാറിന്റെ മൊഴി അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തും. അതേസമയം മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ് .
തിരുവനന്തപുരം കോർപ്പറേഷനിലെ നിയമനവുമായി ബന്ധപ്പെട്ട കത്ത് വിവാദത്തിൽ അന്വേഷണം ഊർജിതമാക്കാൻ ഒരുങ്ങുകയാണ് വിജിലൻസ്. മുൻ കൗൺസിലർ ജി.എസ് ശ്രീകുമാറിനോട് രാവിലെ 10 മണിക്ക് തിരുവനന്തപുരത്തെ വിജിലൻസ് ഓഫീസിൽ ഹാജരാകാനാണ് നിർദേശം. മേയർ ആര്യ രാജേന്ദ്രനും ഡി.ആർ അനിലിനും എതിരായ നാലു പരാതികളിലുള്ള അന്വേഷണമാണ് വിജിലൻസ് സംഘം നടത്തുന്നത്. സമാന്തരമായി ക്രൈം ബ്രാഞ്ച് അന്വേഷണവും പുരോഗമിക്കുന്നു. എന്നാൽ പാർട്ടി തലത്തിൽ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും തുടർ നീക്കങ്ങൾ ഉണ്ടായില്ല. അന്വേഷണ കമ്മീഷനെ നിയമിക്കുന്നതിലെ കാലതാമസം സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുന്നു.
അതേസമയം വിവാദങ്ങൾ തുടങ്ങി ഒരാഴ്ച പിന്നിടുമ്പോഴും പ്രതിപക്ഷ പ്രതിഷേധങ്ങൾക്ക് അയവില്ല. മേയറുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ വരും ദിവസങ്ങളിലും ശക്തമാക്കും. ശനി, ഞായർ ദിവസങ്ങളിൽ അവധിയായതിനാൽ നഗരസഭ കേന്ദ്രീകരിച്ചുള്ള പ്രതിഷേധം ഉണ്ടാകില്ല. പക്ഷെ ജില്ലയിലെ വിവിധ ഇടങ്ങൾ കേന്ദ്രീകരിച്ച് ബി.ജെ.പി പ്രതിഷേധങ്ങൾ സംഘടിപ്പിക്കും. യു.ഡി.എഫ് നടത്തി വരുന്ന അനിശ്ചിതകാല സത്യാഗ്രഹവും തിങ്കളാഴ്ച പുനരാരംഭിക്കും. പ്രതിഷേധങ്ങൾ ശക്തമാകുന്നതിനാൽ നഗരസഭയിൽ വലിയ പൊലീസ് സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.