Kerala
മൊഴിയിലും രേഖകളിലും വിജിലന്‍സിന് സംശയം: കെ എം ഷാജിയെ വീണ്ടും ചോദ്യംചെയ്യും
Kerala

മൊഴിയിലും രേഖകളിലും വിജിലന്‍സിന് സംശയം: കെ എം ഷാജിയെ വീണ്ടും ചോദ്യംചെയ്യും

Web Desk
|
1 July 2021 2:10 AM GMT

ഷാജിയുടെ മൊഴിയും അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തലുകളും തമ്മിൽ പൊരുത്തക്കേടുകളുണ്ട്.

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ലീഗ് സെക്രട്ടറി കെ എം ഷാജിയെ വിജിലൻസ് വീണ്ടും ചോദ്യംചെയ്യും. ഷാജിയുടെ മൊഴിയും അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തലുകളും തമ്മിൽ പൊരുത്തക്കേടുകളുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യംചെയ്യുന്നത്. പണത്തിന്‍റെ സോഴ്സായി ഷാജി സമർപ്പിച്ച കൗണ്ടർഫോയിലുകളിൽ ചിലത് വ്യാജമാണോയെന്ന സംശയവും വിജിലൻസിനുണ്ട്.

മണ്ഡലം കമ്മറ്റിയാണ് തെരഞ്ഞെടുപ്പ് ഫണ്ട് പിരിക്കാന്‍ തീരുമാനിച്ചതെന്ന് കെ എം ഷാജി മൊഴി നല്‍കിയിരുന്നു. മിനിറ്റ്സ് തെളിവായി നല്‍കുകയും ചെയ്തു. പണം പിരിച്ച രസീതിന്‍റെ കൌണ്ടര്‍ ഫോയിലുകളും നല്‍കി. പക്ഷേ ഇത് പണം പിരിച്ച ശേഷം വ്യാജമായി ഉണ്ടാക്കിയതാണോ എന്ന സംശയം വിജിലന്‍സിനുണ്ട്.

കോവിഡ് സാഹചര്യത്തില്‍ അന്വേഷണം മന്ദഗതിയിലായിരുന്നു. ഇതിനിടെ അന്വേഷണ ഉദ്യോഗസ്ഥന് കോവിഡ് ബാധിച്ചു. വീണ്ടും അന്വേഷണം പുനരാരംഭിക്കുകയാണ്. പാര്‍ട്ടിക്കകത്തെ ചിലര്‍ തനിക്കെതിരെ നീക്കം നടത്തുന്നുവെന്ന പരോക്ഷ പ്രതികരണം മീഡിയവണിന് നല്‍കിയ അഭിമുഖത്തില്‍ കെ എം ഷാജി നടത്തുകയുണ്ടായി.

കെ എം ഷാജിയുടെ കണ്ണൂരിലേയും കോഴിക്കോട്ടേയും വീടുകളിൽ നടത്തിയ റെയ്ഡിലാണ് പണം പിടികൂടിയത്. കണ്ണൂരിലെ വീട്ടില്‍ നിന്ന് 47 ലക്ഷം രൂപ കണ്ടെത്തുകയുണ്ടായി. പണത്തിനൊപ്പം വിദേശ കറൻസികളും 50 പവൻ സ്വർണവും 72 രേഖകളും പിടിച്ചെടുത്തിരുന്നു. വിദേശ കറന്‍സിയും സ്വര്‍ണവും വിജിലന്‍സ് പിന്നീട് തിരികെ നല്‍കി. വിദേശ കറന്‍സി കുട്ടികളുടെ ശേഖരത്തിലുള്ളതാണെന്നാണ് ഷാജി പറഞ്ഞത്.

Similar Posts