Kerala
അറസ്റ്റ് ചെയ്യാൻ പൊലീസിന് എന്താണ് ഇത്ര ധൃതി? വിജയ് ബാബുവിന് ഇടക്കാല മുൻകൂർ ജാമ്യം
Kerala

'അറസ്റ്റ് ചെയ്യാൻ പൊലീസിന് എന്താണ് ഇത്ര ധൃതി?' വിജയ് ബാബുവിന് ഇടക്കാല മുൻകൂർ ജാമ്യം

Web Desk
|
31 May 2022 10:00 AM GMT

കേസ് അടുത്ത തവണ പരിഗണിക്കുന്ന വരെയാണ് അറസ്റ്റ് തടഞ്ഞത്. വിദേശത്ത് നിന്ന് വിജയ് ബാബു എത്തിയാൽ വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് പാടില്ലെന്ന് കോടതി നിർദേശിച്ചു.

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ കുറ്റാരോപിതനായ നടനും നിർമാതാവുമായ വിജയ് ബാബുവിന് ഇടക്കാല മുൻകൂർ ജാമ്യം. കേസ് അടുത്ത തവണ പരിഗണിക്കുന്ന വരെയാണ് അറസ്റ്റ് തടഞ്ഞത്. മറ്റന്നാൾ കേസ് കോടതി വീണ്ടും കോടതി പരിഗണിക്കും. വിദേശത്ത് നിന്ന് വിജയ് ബാബു എത്തിയാൽ വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് പാടില്ലെന്ന് കോടതി നിർദേശിച്ചു.

അറസ്റ്റിൽ നിന്ന് ഇമിഗ്രേഷൻ വിഭാഗത്തെയും വിലക്കിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈ ഉത്തരവ് അതാത് വകുപ്പുകളെ അറിയിക്കണം. നാട്ടിലെത്തിയാൽ ഉടൻ വിജയ് ബാബു അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നും കോടതി നിർദേശിച്ചു. വിദേശത്തേക്ക് കടന്ന വിജയ് ബാബു നാളെ തിരിച്ചെത്തും.

കേസ് പരിഗണിക്കുമ്പോൾ പ്രതി നാട്ടിലുണ്ടാകണമെന്നും വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ ഹൈക്കോടതി ചൂണ്ടിക്കാട്ടി. അറസ്റ്റ് ചെയ്യാൻ പൊലീസിന് എന്താണ് ഇത്ര ധൃതിയെന്നും കോടതി ചോദിച്ചു. ആദ്യം നാട്ടിലെത്തട്ടെ അതിനു ശേഷം മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കാം മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ പോലീസിന് അറസ്റ്റ് ചെയ്യാമല്ലോ എന്നും കോടതി ചോദിച്ചു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ഹരജി പരിഗണിക്കുന്നത്.

നേരത്തെ, വിജയ് ബാബുവിന്റെ ബിസിനസ് പങ്കാളിയെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. സമീപകാലത്തു വിജയ് ബാബുവിന്റെ ബിസിനസുകളിൽ ഏറ്റവും കൂടുതൽ മുതൽ മുടക്കിയ ആളാണ് ഇതെന്നാണു സൂചന. ഇന്നലെ നാട്ടിൽ മടങ്ങിയെത്തുമെന്നാണു വിജയ്ബാബു അഭിഭാഷകൻ വഴി ഹൈക്കോടതിയെ അറിയിച്ചിരുന്നത്.

മാർച്ച് 16നും 22നും വിജയ് ബാബു തന്നെ ബലാത്സംഗം ചെയ്‌തെന്ന നടിയുടെ പാരിതിയിലാണ് പൊലീസ് കേസെടുത്തത്. അന്വേഷണം നടക്കുന്നതിനിടെ വിജയ് ബാബു ദുബൈയിലേക്ക് പോയി. കേസ് എടുത്ത വിവരം അറിയാതെയാണ് വിദേശത്തേക്ക് പോയതെന്നാണ് വിജയ് ബാബു പറയുന്നത്. എന്നാൽ നിയമനടപടിയിൽ നിന്നുള്ള ഒളിച്ചോട്ടമായിരുന്നു അതെന്നാണ് പ്രോസിക്യൂഷൻറെ ആരോപണം.

പ്രതി നാട്ടിലെത്തിയശേഷം ഹരജി പരിഗണിക്കാമെന്നായിരുന്നു കോടതി നേരത്തെ വ്യക്തമാക്കിയത്. തിങ്കളാഴ്ച നാട്ടിലെത്താനായി എടുത്ത വിമാന ടിക്കറ്റിൻറെ പകർപ്പ് ഇതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു.

Similar Posts