യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ വിജയ് ബാബുവിന് മുൻകൂർ ജാമ്യം
|സാക്ഷികളെ സ്വാധീനിക്കരുതെന്നും പാസ്പോർട്ട് സമർപ്പിക്കണമെന്നുമുള്ള ഉപാധികളോടെയാണ് ജാമ്യം
കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ വിജയ് ബാബുവിന് മുൻകൂർ ജാമ്യം. സാക്ഷികളെ സ്വാധീനിക്കരുതെന്നും പാസ്പോർട്ട് സമർപ്പിക്കണമെന്നുമുള്ള ഉപാധികളോടെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഈ മാസം 27 ന് കോടതി മുമ്പാകെ ഹാജരാകണമെന്നും നിർദേശമുണ്ട്. 27 മുതല്‍ ഏഴ് ദിവസത്തേക്ക് വിജയ്ബാബുവിനെ അന്വോഷണ ഉദ്യോഗസ്ഥര്‍ക്ക് രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ ചോദ്യം ചെയ്യാം. ചോദ്യം ചെയ്യലിനിടെ അറസ്റ്റ് രേഖപെടുത്തിയാല്‍ അഞ്ച് ലക്ഷ രൂപയുടെ ബോണ്ടും രണ്ട് ആള് ജാമ്യവും എന്ന വ്യവസ്ഥയില്‍ ജാമ്യം അനുവദിക്കണമെന്നാണ് ജസ്റ്റിസ് ബച്ചു കുര്യന് തോമസിന്റെ ഉത്തരവ്.
പരാതിക്കാരിയേയോ കുടുബത്തെയോ സ്വാധീനിക്കാന്‍ ശ്രമിക്കരുത്. സോഷ്യല്‍ മീഡിയ വഴി കേസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രതികരണമുണ്ടാകരുത്. പോലിസിന്റെ അനുമതിയില്ലാതെ കേരളം വിടരുത്. പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പിക്കണം തുടങ്ങിയ ഉപാധികളാണ് കോടതി നിര്‍ദേശിച്ചിട്ടുളളത്. വിജയ്ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത് തെറ്റായ സന്ദേശം സമൂഹത്തിന് നല്കുമെന്നതില് തര്‍ക്കമില്ലെന്ന് സാമൂഹ്യ പ്രവര്‍ത്തകയും നടിയുമായ മാല പാര്‍വതി പ്രതികരിച്ചു.
വിധി പറയുന്നത് വരെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദേശിച്ചിരുന്നു. ഇരയുടെ പേര് വെളിപ്പെടുത്തിയെന്ന കേസിൽ വിജയ് ബാബുവിനെതിരെ ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണെന്ന് ചൂണ്ടിക്കാട്ടിയുള്ള മുൻകൂർ ജാമ്യപേക്ഷ നേരത്തെ തള്ളിയിരുന്നു.
കേസിനെത്തുടർന്ന് ദുബൈയിലേക്ക് കടന്ന വിജയ് ബാബു നാട്ടിലെത്തി അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരായിരുന്നു. ഉഭയസമ്മതപ്രകാരമാണ് നടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടെതെന്നും ബ്ലാക്ക്മെയിലിംഗിന്റെ ഭാഗമായുള്ള പരാതിയാണെന്നുമാണ് വിജയ് ബാബുവിൻറെ വാദം. സിനിമയിൽ അവസരം നിഷേധിച്ചതാണ് പരാതിക്ക് പിന്നിലെന്നും വിജയ് ബാബു ആരോപിച്ചിരുന്നു.