വിമാനത്താവളത്തിൽനിന്ന് നേരെ ക്ഷേത്രത്തിലേക്ക്; പൊലീസ് സ്റ്റേഷനിലെത്തും മുമ്പ് ദര്‍ശനം നടത്തി വിജയ് ബാബു
|ബുധനാഴ്ച രാവിലെ ഒമ്പതു മണിയോടെയാണ് വിജയ് ബാബു ദുബായിൽനിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്
കൊച്ചി: യുവനടിയെ പീഡിപ്പിച്ചെന്ന കേസിൽ ഒളിവിലായിരുന്ന നടൻ വിജയ് ബാബു ദുബായിൽനിന്ന് വിമാനമിറങ്ങി നേരെ പോയത് ക്ഷേത്രത്തിലേക്ക്. ആലുവയിലെ ശ്രീദത്ത ആഞ്ജനേയ ക്ഷേത്രത്തിലാണ് നടൻ ദർശനം നടത്തിയത്. മിനിട്ടുകൾക്കകം തിരികെ കാറിൽ കയറി പോകുകയും ചെയ്തു. അന്വേഷണവുമായി നൂറു ശതമാനം സഹകരിക്കുമെന്നും വിജയ് ബാബു മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ന് രാവിലെ ഒമ്പതു മണിയോടെയാണ് വിജയ് ബാബു ദുബായിൽനിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. കേസിൽ വിജയ് ബാബുവിന് ഹൈക്കോടതി ഇന്നലെ ഇടക്കാല മുൻകൂർജാമ്യം അനുവദിച്ചിരുന്നു.
പീഡന പരാതി ഉയർന്നതിന് പിന്നാലെ വിദേശത്തേക്ക് കടന്ന വിജയ് ബാബുവിനെ തിരികെയെത്തിക്കാൻ അന്വേഷണസംഘം നടത്തിയ ശ്രമം നേരത്തെ പരാജയപ്പെട്ടിരുന്നു. മടങ്ങിയെത്തിയാൽ മാത്രമേ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുകയുള്ളുവെന്ന് കോടതിയും നിലപാടെടുത്തു. വിദേശത്ത് കഴിയുന്ന പ്രതി ഒളിവിൽ പോകാനുള്ള സാധ്യത കൂടി മുൻനിർത്തിയാണ് കോടതി ഇന്നലെ വിജയ് ബാബുവിന് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചത്.
അറസ്റ്റ് ചെയ്യും എന്നുള്ളതിനാലാണ് നേരത്തെ അറിയിച്ച സമയത്ത് തിരിച്ചെത്താതിരുന്നതെന്നും മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേ നടൻ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇന്ന് രാവിലെ 9.30 ന് നെടുമ്പാശ്ശേരിയിൽ തിരിച്ചെത്തുമെന്നാണ് വിജയ് ബാബു കോടതിയിൽ ഹാജരാക്കിയ യാത്ര രേഖകളിൽ വ്യക്തമാക്കിയിരുന്നത്.
അറസ്റ്റ് ചെയ്യരുതെന്ന നിർദേശമുള്ളതിനാൽ വിജയ് ബാബുവിനെ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കും. വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. മാർച്ച് മാസം 16, 22 തീയതികളിൽ വിജയ് ബാബു തന്നെ പീഡിപ്പിച്ചെന്ന് യുവനടി നൽകിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിന് പിന്നാലെയാണ് ഇയാൾ വിദേശത്തേക്ക് കടന്നത്.
Summary: Actor Vijay Babu, who was absconding in a case of molesting a young actress, flew from Dubai to the temple. The actor had a darshan at the Sreedatta Anjaneya temple in Aluva. Vijay Babu told the media that he would co-operate 100 per cent with the investigation.