'നാട്ടിലെത്തട്ടെ എന്നിട്ട് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാം'; അതുവരെ വിജയ്ബാബുവിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി
|വിജയ് ബാബുവിന് ജാമ്യം അനുവദിക്കരുതെന്ന് പരാതിക്കാരിയായ നടി ആവശ്യപ്പെട്ടു
എറണാകുളം: നടിയെ ബലാത്സംഗം ചെയ്ത കേസിൽ ദുബൈയിൽ ഒളിവിലുള്ള വിജയ് ബാബു നാട്ടിലെത്തിയതിന് ശേഷം മുൻകൂർ ജാമ്യപേക്ഷ പരിഗണിക്കാമെന്ന് കോടതി നാട്ടിലെത്തുന്നത് വരെ വിജയ്ബാബിന്റെ അറസ്റ്റ് പാടില്ലെന്നും കോടതി പറഞ്ഞു. വിജയ്ബാബുവിന്റെ അഭിഭാഷകൻ അറസ്റ്റ് തടയണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ വിജയ് ബാബുവിന് ജാമ്യം അനുവദിക്കരുതെന്ന് പരാതിക്കാരിയായ നടി ആവശ്യപ്പെട്ടു. അറസ്റ്റ് കർശനമായി തടഞ്ഞിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഹരജി കോടതി നാളെ പരിഗണിക്കാനായി മാറ്റി.
തിങ്കളാഴ്ച കൊച്ചിയിൽ തിരിച്ചെത്തുമെന്ന് വിജയ് ബാബു കോടതിയെ അറിയിച്ചിട്ടുണ്ട്. വിമാന ടിക്കറ്റും കഴിഞ്ഞ ദിവസം വിജയ് ബാബു ഹാജരാക്കിയിരുന്നു. പരാതിക്കാരിയായ നടിയുമായി അടുത്ത സൗഹൃദമായിരുന്നു വെന്നും ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നുമാണ് വിജയ്ബാബുവിൻറെ വാദം.
സിനിമയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുവനടി താനുമായി ബന്ധം സ്ഥാപിച്ചതെന്നും ഇപ്പോൾ ലൈംഗിമായി പീഡിപ്പിച്ചെന്നു പരാതി നൽകി തന്നെ ബ്ളാക്ക് മെയിൽ ചെയ്യുകയാണെന്നുമാണ് വിജയ് ബാബുവിന്റെ ഹരജിയിൽ പറയുന്നത്. തന്റെ പുതിയ ചിത്രത്തിൽ അവസരമില്ലെന്നറിഞ്ഞാണ് യുവനടി പരാതി നൽകിയെന്നും ഹരജിക്കാരൻ ആരോപിക്കുന്നു. പീഡനക്കേസിനൊപ്പം ഇരയുടെ പേര് വെളിപ്പെടുത്തിയതിന് മറ്റൊരു കേസ് കൂടി വിജയ് ബാബുവിനെതിരെ നിലവിലുണ്ട്.
ദുബൈയിൽ ഒളിവിൽ കഴിഞ്ഞിരുന്ന വിജയ് ബാബു ജോർജിയയിലേക്ക് കടന്നിരുന്നു. ഇന്റർപോളിനെ ഉപയോഗിച്ച് അറസ്റ്റ് ചെയ്യിക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് വിജയ് ബാബു ജോർജിയയിലേക്ക് പോയത്. ദുബൈയിൽ ഒളിവിൽ കഴിഞ്ഞിരുന്ന വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടരുന്നതിനിടെയാണ് ജോർജിയയിലേക്ക് കടന്നത്. ദുബൈയിൽ തുടരുന്നത് അറസ്റ്റിലേക്ക് നീങ്ങാൻ ഇടയാക്കുമെന്ന് നിയമോപദേശം ലഭിച്ചതിനെ തുടർന്നാണ് ഇയാൾ രാജ്യം വിട്ടത്. ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാൻ ധാരണയില്ലാത്ത രാജ്യമായതിനാലാണ് വിജയ് ബാബു ജോർജിയ തെരഞ്ഞെടുത്തത്. കൊച്ചി സിറ്റി പൊലീസിന്റെ അപേക്ഷയിൽ കേന്ദ്രവിദേശ കാര്യമന്ത്രാലയം വിജയ് ബാബുവിന്റെ പാസ്പോർട്ട് അസാധുവാക്കിയിരുന്നു. ഇതിന് മുന്നേ തന്നെ ഇയാൾ ജോർജിയയിലേക്ക് കടന്നതായാണ് വിവരം.