വിജയ് ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും
|നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണനക്കെത്തിയപ്പോള്‍ വിജയ് ബാബുവിനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ അറിയിച്ചിരുന്നു
കൊച്ചി: നടിയെ പീഡിപ്പിച്ച കേസില്‍ നിര്‍മാതാവ് വിജയ് ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണനക്കെത്തിയപ്പോള്‍ വിജയ് ബാബുവിനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ അറിയിച്ചിരുന്നു .
തുടര്‍ന്നാണ് ഹരജി പരിഗണിക്കുന്നത് മാറ്റിയത്. കേസിനെ തുടര്‍ന്ന് ദുബൈയിലേക്ക് കടന്ന വിജയ് ബാബു നാട്ടിലെത്തി അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരായിരുന്നു . തുടര്‍ന്ന് അന്വോഷണ സംഘം പൊലീസ് സ്റ്റേഷനില്‍ വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. ഉഭയ സമ്മത പ്രകാരമാണ് നടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നും പീഡനം നടന്നിട്ടില്ലെന്നുമാണ് വിജയ് ബാബുവിന്‍റെ നിലപാട്. സാമൂഹ്യമാധ്യമം വഴി ഇരയുടെ പേര് വെളിപ്പെടുത്തിയതിന് രജിസ്റ്റർ ചെയ്ത കേസിലെ മുൻകൂർ ജാമ്യാപേക്ഷയും ഇന്ന് പരിഗണിക്കും.
വെള്ളിയാഴ്ച വരെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ കേസിലും അറസ്റ്റ് തടഞ്ഞിട്ടുണ്ട്. അന്വേഷണവുമായി വിജയ് ബാബു സഹകരിക്കണമെന്നും പരാതിക്കാരിയുമായി സംസാരിക്കാനോ ആശയവിനിമയം നടത്താനോ പാടില്ലെന്നുമുള്ള ഉപാധികളോടെയാണ് നിലവിൽ വിജയ് ബാബുവിന് ഇടക്കാല ജാമ്യം അനുവദിച്ചിട്ടുള്ളത്. സാമൂഹിക മാധ്യമങ്ങളിലുൾപ്പെടെ ഒരു മാധ്യമങ്ങളിലും പ്രതികരിക്കരുതെന്നും നിർദേശമുണ്ട്.