വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ രഹസ്യവാദം: കേസുമായി ബന്ധമില്ലാത്തവരോട് പുറത്ത് പോവാൻ നിർദേശം
|സർക്കാർ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് നടപടി
എറാണാകുളം: യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയിൽ നടനും നിർമ്മാതാവുമായ വിജയ്ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതിയിൽ രഹസ്യവാദം. കേസുമായി ബന്ധമില്ലാത്തവരോട് കോടതി മുറിയിൽനിന്നും പുറത്തു പോകാൻ നിർദേശം നൽകി. കോടതി മുറിയിൽ നിന്നു പുറത്തുപോകാൻ മാധ്യമങ്ങളോട് ആവശ്യപ്പെട്ടു. സർക്കാർ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് നടപടി.
ബലാത്സംഗം ചെയ്‌തെന്ന പരാതിയിലും അതിജീവിതയുടെ പേര് വെളിപ്പെടുത്തിയെന്ന കേസിലുമാണ് വിജയ് ബാബു മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുള്ളത്.വിജയ് ബാബുവിനെ വിശദമായി ചോദ്യം ചെയ്യണമെന്ന് സർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഇതിനെ എതിർത്ത വിജയ് ബാബു കോടതി നിർദേശിച്ച പ്രകാരം അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. പീഡനക്കേസ് രജിസ്റ്റർ ചെയ്യപ്പെട്ടതിന് പിന്നാലെ പരാതിക്കാരിയുടെ പേര് സാമൂഹിക മാധ്യമത്തിലൂടെ വെളിപ്പെടുത്തിയതോടെയാണ് വിജയ് ബാബുവിനെതിരെ രണ്ടാമത്തെ കേസെടുത്തത്. ഉഭയസമ്മതപ്രകാരമാണ് നടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടെതെന്നും ബ്ലാക്ക്‌മെയിലിംഗിന്റെ ഭാഗമായുള്ള പരാതിയാണെന്നുമാണ് വിജയ് ബാബുവിന്റെ വാദം. സിനിമയിൽ അവസരം നിഷേധിച്ചതാണ് പരാതിക്ക് പിന്നിലെന്നും വിജയ് ബാബു ആരോപിച്ചിരുന്നു.
കേസെടുത്തതിന് പിന്നാലെ, ദുബായിലേക്ക് കടന്ന വിജയ് ബാബു ഹൈക്കോടതി നിർദേശപ്രകാരമാണ് കൊച്ചിയിൽ തിരിച്ചെത്തിയത്. തുടർന്ന് അന്വേഷണ സംഘം പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ഏപ്രിൽ 22ന് ആണ് നടി പരാതി നൽകിയത്. മാർച്ച് 16 ന് ഡി ഹോംസ് സ്യൂട്ട്‌സ് അപ്പാർട്ട്‌മെന്റിൽ വച്ചും മാർച്ച് 22 ന് ഒലിവ് ഡൗൺ ടൗൺ ഹോട്ടലിൽ വച്ചും പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതി. ഇതിനുപിന്നാലെ ഫേസ്ബുക്ക് ലൈവിലെത്തിയ വിജയ് ബാബു, നടിയുടെ പേര് വെളിപ്പെടുത്തിയിരുന്നു. പരാതിക്കാരിക്ക് പലപ്പോഴായി പണം നൽകിയിട്ടുണ്ടെന്നും സിനിമയിൽ കൂടുതൽ അവസരം വേണമെന്ന ആവശ്യം താൻ നിരസിച്ചതോടെയാണ് ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയതെന്നുമാണ് വിജയ് ബാബു ലൈവിൽ ആരോപിച്ചത്.
തുടർന്ന് ഗോവ വഴി വിജയ് ബാബു വിദേശത്തേക്ക് കടന്നു. ആദ്യം ദുബായിലേക്കും അവിടെ നിന്ന് ജോർജിയയിലേക്കും വിജയ് ബാബു കടന്നിരുന്നു. പിന്നീട് ദുബായിലേക്ക് തിരിച്ചെത്തുകയായിരുന്നു.കേസുമായി ബന്ധപ്പെട്ട് നടൻ സൈജുകുറുപ്പിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. വിജയ്ബാബു ഒളിവിൽ പോയപ്പോൾ ക്രെഡിറ്റ് കാർഡ് കൈമാറിയതിനാണ് പൊലീസ് നടനെ ചോദ്യം ചെയ്തത്. ക്രെഡിറ്റ് കാർഡ് കൈമാറുമ്പോൾ ബലാത്സംഗ പരാതിയെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്നായിരുന്നു സൈജു കുറുപ്പ് മൊഴി നൽകിയത്.