എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ ജയ് ശ്രീറാം വിളിപ്പിച്ചുവെന്ന് തെളിയിച്ചാൽ രാജി വെക്കാൻ തയ്യാര്‍: വിജയ് സാഖറെ
|കഴിഞ്ഞ ദിവസം ആലപ്പുഴ കലക്ടറേറ്റിൽ ചേർന്ന സമാധാന യോഗത്തിലാണ് കസ്റ്റഡിയിലുള്ള പ്രവർത്തകരെ കൊണ്ട് പൊലീസ് ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടതായി എസ്.ഡി.പി.ഐ ആരോപണം ഉന്നയിച്ചത്
ജയ് ശ്രീറാം വിളിപ്പിച്ചെന്ന എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ ആരോപണം തെളിയിച്ചാൽ രാജി വെക്കാൻ തയ്യാറാണെന്ന് എ.ഡി.ജി.പി വിജയ് സാഖറെ. ഇതു സംബന്ധിച്ച നേതാക്കളുടെ ആരോപണം അടിസ്ഥാനരഹിതമാണ്. ബി.ജെ.പി നേതാവിന്റെ കൊലപാതകത്തില്‍ അറസ്റ്റിലായ ആളുകള്‍ എസ്.ഡി.പി.ഐ അനുഭാവികളാണെന്നും ഇവര്‍ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർ അല്ലെന്നും വിജയ് സാഖറെ പറഞ്ഞു. അറസ്റ്റിലായവര്‍ കൊലയാളികൾക്ക് സഹായം നൽകിയ ആളുകളാണ്. ഇന്നലെ രാത്രി 350 കേന്ദ്രങ്ങളിൽ പരിശോധന നടത്തിയതായും പരിശോധനകൾ തുടരുമെന്നും വിജയ് സാഖറെ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ആലപ്പുഴ കലക്ടറേറ്റിൽ ചേർന്ന സമാധാന യോഗത്തിലാണ് കസ്റ്റഡിയിലുള്ള പ്രവർത്തകരെ കൊണ്ട് പൊലീസ് ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടതായും മര്‍ദ്ദിച്ചതായും എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് ആരോപണം ഉന്നയിച്ചത്. യോഗശേഷം ഇതു സംബന്ധിച്ച് എസ്.ഡി.പി.ഐ പരാതിയും നൽകി.
അതെ സമയം സംഭവത്തില്‍ ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് മര്‍ദ്ദിച്ച പൊലീസുകാരെ സര്‍വീസില്‍ നിന്നു പുറത്താക്കുക, കെ.എസ് ഷാന്റെ കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകന്‍ വല്സന് തില്ലങ്കേരിയെ അറസ്റ്റുചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എസ്.ഡി.പി.ഐ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി. എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സെക്രട്ടേറിയേറ്റിന് മുന്നിൽ മാർച്ച് പൊലീസ് തടഞ്ഞു.