Kerala
മയപ്പെട്ട് കേരള കോൺഗ്രസ്; വിജയരാഘവന്‍റെ വിശദീകരണം തൃപ്തികരമെന്ന് ജോസ് കെ. മാണി
Kerala

മയപ്പെട്ട് കേരള കോൺഗ്രസ്; വിജയരാഘവന്‍റെ വിശദീകരണം തൃപ്തികരമെന്ന് ജോസ് കെ. മാണി

Web Desk
|
6 July 2021 7:44 AM GMT

യു.ഡി.എഫ് നേതാക്കള്‍ വിഷയം മുതലെടുക്കുകയാണെന്നും ജോസ് കെ. മാണി സ്റ്റിയറിംഗ് കമ്മിറ്റിയിൽ പറഞ്ഞു.

കെ.എം.മാണി അഴിമതിക്കാരനാണെന്ന സുപ്രീംകോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകന്റെ പരാമര്‍ശം വിവാദമാക്കേണ്ടതില്ലെന്ന് കേരള കോണ്‍ഗ്രസ് എം വിഭാഗം. വിജയരാഘവന്‍റെ വിശദീകരണം തൃപ്തികരമെന്ന് ജോസ് കെ മാണി സ്റ്റിയറിംഗ് കമ്മിറ്റിയെ അറിയിച്ചു.

കെ.എം മാണിയോട് അനുകൂല നിലപാടാണ് ഇടത് മുന്നണിക്കുള്ളതെന്നും കോടതിയിൽ നടന്ന കാര്യങ്ങളെ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും ജോസ് കെ. മാണി വ്യക്തമാക്കി. യു.ഡി.എഫ് നേതാക്കള്‍ വിഷയം മുതലെടുക്കുകയാണെന്നും ജോസ് കെ മാണി പറഞ്ഞു.

സുപ്രിംകോടതിയിലെ പരാമർശത്തിൽ കെ.എം മാണിയുടെ പേരില്ലെന്നും കോടതി കാര്യങ്ങളെ മാധ്യമങ്ങൾ തെറ്റായി വ്യഖ്യാനിച്ചതാണെന്നുമായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍റെ വിശദീകരണം. മുന്നണിയിലെ പ്രധാന കക്ഷിയാണ് കേരള കോൺഗ്രസ് എം. ആശയക്കുഴപ്പമുണ്ടാക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ.എം മാണി ദീർഘകാലം രാഷ്ട്രീയ പ്രവർത്തനം നടത്തിയ ആളാണ്. ബാർ കോഴയിലെ അന്വേഷണത്തിൽ കെ.എം മാണിക്ക് വ്യക്തിപരമായ ബന്ധമില്ല. കേരള കോൺഗ്രസ് യു.ഡി.എഫിന്‍റെ ഭാഗമായിരുന്നു. യു.ഡി.എഫിനെ തള്ളിപ്പറഞ്ഞാണ് ജോസ് കെ. മാണി വന്നത്. യു.ഡി.എഫിലെ അഴിമതിയെ എതിർത്താണ് അവർ ഇറങ്ങിപ്പോന്നത്. കോടതിയില്‍ പരാമർശിച്ച അഴിമതിക്കാരൻ യു.ഡി.എഫാണെന്നും വിജയരാഘവന്‍ പറഞ്ഞിരുന്നു.

Similar Posts