'ആരോപണങ്ങൾ വിജേഷ് പിള്ള സ്ഥിരീകരിച്ചു, എം.വി ഗോവിന്ദന്റെയടക്കം നിയമനടപടി നേരിടാൻ തയ്യാർ'; സ്വപ്ന സുരേഷ്
|മുഴുവൻ സത്യവും ലോകത്തിന് മുന്നിൽ കൊണ്ടുവരുന്നത് വരെ പോരാട്ടം തുടരുമെന്നും ഫേസ്ബുക്ക് പോസ്റ്റ്
കൊച്ചി: താന്‍ ഉന്നയിച്ച ആരോപണങ്ങൾ വിജേഷ് പിള്ള സ്ഥിരീകരിച്ചെന്ന് സ്വപ്ന സുരേഷ്. തന്നെ കണ്ടെന്നും പണം വാഗ്ദാനം ചെയ്തെന്നും വിജേഷ് സമ്മതിച്ചു. തെളിവുകൾ ഇ.ഡിക്കും പൊലീസിനും കൈമാറിയിട്ടുണ്ടെന്നും സ്വപ്ന ഫേസ്ബുക്കിൽ കുറിച്ചു. സ്വപ്ന സുരേഷ് നടത്തിയ ആരോപണങ്ങൾ മുഴുവൻ വാസ്തവിരുദ്ധമാണെന്ന് വിജേഷ് പിള്ളയും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും മാധ്യമങ്ങളോട് പറഞ്ഞതിന് പിന്നാലെയായിരുന്നു സ്വപ്നയുടെ പ്രതികരണം.
' 30 കോടി വാഗ്ദാനം ചെയ്തതായി ഇയാൾ സമ്മതിച്ചിട്ടുണ്ട്. എം വി ഗോവിന്ദന്റെയും യൂസഫലിയുടെയും പേര് താൻ പറഞ്ഞതും വിമാനത്താവളത്തിലെ ഭീഷണിയെക്കുറിച്ച് പറഞ്ഞതും സമ്മതിച്ചിട്ടുണ്ട്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട തെളിവുകൾ ചോദിച്ചതായും ഇയാൾ സമ്മതിച്ചിട്ടുണ്ട്. സംഭവം നടന്നയുടൻ ഞാൻ പൊലീസിനെയും ഇഡിയെയും തെളിവ് സഹിതം വിവരം അറിയിച്ചു. വിജേഷ് പിള്ളയെ ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികൾ ഇഡിയും പൊലീസും ആരംഭിച്ചു'. ഇനി സത്യം പുറത്ത് കൊണ്ടുവരേണ്ടത് അവരാണെന്നും സ്വപ്ന ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
'അപകീർത്തിപ്പെടുത്തിയതിനും വഞ്ചനയ്ക്കും എനിക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് വിജേഷ് പിള്ള പറയുന്നത് കേട്ടു. അതിന്റെ അനന്തരഫലങ്ങൾ നേരിടാൻ ഞാൻ തയ്യാറാണ്. അദ്ദേഹം എന്നെ കോടതിയിൽ ഹാജരാക്കിയാൽ തെളിവുകൾ ഞാനും കോടതിയിൽ ഹാജരാക്കും. എം.വി ഗോവിന്ദൻ എടുക്കാൻ ഉദ്ദേശിക്കുന്ന നിയമനടപടികൾ നേരിടാനും പോരാടാനും ഞാൻ തയ്യാറാണ്. മുഴുവൻ സത്യവും ലോകത്തിന് മുന്നിൽ കൊണ്ടുവരുന്നത് വരെ ഞാൻ പോരാട്ടം തുടരുമെന്ന് ഞാൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നെന്നും സ്വപ്ന ഫേസ്ബുക്കിൽ കുറിച്ചു.