Kerala
Kerala
വിലങ്ങാട് ഉരുൾപൊട്ടൽ: ദുരിതബാധിതർക്ക് 10000 രൂപ അടിയന്തര സഹായം, വാടകയായി 6,000 രൂപയും
|29 Aug 2024 12:02 PM GMT
വിലങ്ങാട് സർക്കാർ സഹായം എത്തിയില്ലെന്ന മീഡിയവൺ വാർത്തയ്ക്ക് പിന്നാലെയാണ് നടപടി
കോഴിക്കോട്: വിലങ്ങാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് ആദ്യ ഘട്ട സഹായം പ്രഖ്യാപിച്ച് സർക്കാർ. ദുരിതബാധിതർക്ക് 10000 രൂപ അടിയന്തര സഹായം നൽകും. വാടകയായി 6,000 രൂപ വീതം നൽകുമെന്നും റവന്യു മന്ത്രി കെ.രാജൻ പറഞ്ഞു. നാല് വാർഡുകൾ ദുരന്ത ബാധിത മേഖലയായി പ്രഖ്യാപിച്ചു.
വാണിമേൽ ഗ്രാമപഞ്ചായത്തിലെ 9, 10, 11 ഉം നരിപ്പറ്റ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡുമാണ് ദുരന്തബാധിത പ്രദേശമായി പ്രഖ്യാപിച്ച്. ഈ പ്രദേശങ്ങളിലുള്ളവർക്ക് സൗജന്യ റേഷൻ ഉറപ്പാക്കും. വിലങ്ങാട് ഭാഗങ്ങളിൽ സർക്കാർ സഹായം എത്തിയില്ലെന്ന മീഡിയവൺ വാർത്തയ്ക്ക് പിന്നാലെയാണ് നടപടി.ഉരുൾപൊട്ടലുണ്ടായ വിലങ്ങാട് 18 വീടുകൾ പൂർണമായും 112ലധികം വീടുകൾ ഭാഗികമായി നശിക്കുകയും വാസയോഗ്യമല്ലാതാവുകയും ചെയ്തിട്ടുണ്ട്.