ഇശലോര്‍മയായി മാപ്പിളപ്പാട്ടിന്‍റെ വാനമ്പാടി; അനുസ്മരിച്ച് കലാകാരന്മാര്‍
|കോഴിക്കോട് അളകാപുരി ഹാളിൽ നടന്ന അനുസ്മരണ യോഗത്തിൽ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു
കോഴിക്കോട്: പ്രശസ്ത ഗായിക വിളയിൽ ഫസീലയെ അനുസ്മരിച്ച് മാപ്പിളപ്പാട്ട് കലാകാരന്മാർ. കോഴിക്കോട് അളകാപുരി ഹാളിൽ നടന്ന അനുസ്മരണ യോഗത്തിൽ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.
വിളയിൽ വത്സല എന്ന അഞ്ചാം ക്ലാസുകാരി പാടുന്നത് ഇന്നും ഓർത്തുവയ്ക്കുന്നവർ മുതൽ തങ്ങളുടെ ആദ്യ ഗാനം പാടിയ വിളയിൽ ഫസീലയെ സ്മരിക്കുന്നവർ വരെ നിറഞ്ഞുനിന്ന സദസ്സായിരുന്നു അളകാപുരിയിലേത്. ചിലർ തങ്ങളുടെ പ്രിയപ്പെട്ട ഗായികയുടെ വേർപാടിൽ വിങ്ങിപ്പൊട്ടി.
ഫസീല പാടിയ പോലെ പാടാൻ ആർക്കും സാധിച്ചിട്ടില്ല, ഇനി സാധിക്കുകയുമില്ല. ആ വിടവ് എത്ര ആഴത്തിലുള്ളതായിരുന്നുവെന്നു വ്യക്തമാക്കുന്നതായിരുന്നു ഫൈസൽ എളേറ്റിലിൻ്റെ വാക്കുകൾ. മാപ്പിളപ്പാട്ട് രചയിതാവ് ബാപ്പു വെള്ളിപറമ്പ്, അഡ്വ. പി. കുൽസു, കെ.പി.യു അലി, ഷമീർ ശർവാനി തുടങ്ങിയവരും അനുസ്മരണ ചടങ്ങിൽ പങ്കെടുത്തു.
ആഗസ്റ്റ് 12നാണ് വിളയിൽ ഫസീല അന്തരിച്ചത്. കോഴിക്കോട് വെള്ളിപറമ്പിലെ വസതിയിലായിരുന്നു അന്ത്യം. അരനൂറ്റാണ്ടിലേറെക്കാലം മാപ്പിളപ്പാട്ടുരംഗത്തും ചലച്ചിത്ര പിന്നണി ഗാനരംഗത്തും ഗാനമേളകളിലും നിറഞ്ഞുനിന്ന ശേഷമാണ് അപ്രതീക്ഷിത വിയോഗം. ആയിരത്തിലേറെ പാട്ടുകള്‍ പാടിയ അവര്‍ പതിനായിരക്കണക്കിനു വേദികളില്‍ പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കേരള മാപ്പിള കലാ അക്കാദമി ഏർപ്പെടുത്തിയ ലൈഫ് ടൈം അച്ചീവ്‌മെന്‍റ് അവാർഡ്, ഫോക് ലോര്‍ അക്കാദമി ലൈഫ് അച്ചീവ്‌മെന്‍റ് അവാർഡ്, മാപ്പിള കലാരത്‌നം അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.
Summary: Commemoration held on the late Mappilappattu singer Vilayil Faseela at Kozhikode