ആര്യാടൻ ഷൗക്കത്തിനെതിരായ അച്ചടക്ക ലംഘനം; കെ.പി.സി.സി അച്ചടക്ക സമിതി മൂന്നാം സിറ്റിങ്ങും അവസാനിച്ചു
|മലപ്പുറം ഡി.സി.സി അധ്യക്ഷനടക്കമുള്ള ഔദ്യോഗിക പക്ഷ നേതാക്കളുടെ വിശദീകരണമാണ് ഇന്ന് സമിതി കേട്ടത്
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്തിനെതിരായ അച്ചടക്ക ലംഘനം ചർച്ച ചെയ്യാനായി ചേർന്ന കെ.പി.സി.സി അച്ചടക്ക സമിതി യോഗത്തിന്റെ മൂന്നാമത്തെ സിറ്റിങ്ങും അവസാനിച്ചു. മലപ്പുറം ഡി.സി.സി അധ്യക്ഷനടക്കമുള്ള ഔദ്യോഗിക പക്ഷ നേതാക്കളുടെ വിശദീകരണമാണ് ഇന്ന് സമിതി കേട്ടത്. തെളിവെടുപ്പ് പൂർത്തിയായെന്നും തീരുമാനം എത്രയും വേഗം ഉണ്ടാകുമെന്നും അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
കെ.പി.സി.സി അംഗങ്ങൾ, മലപ്പുറം ഡി.സി.സി ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡന്റുമാർ, കോൺഗ്രസ് പോഷക സംഘടനകളുടെ അധ്യക്ഷന്മാർ എന്നിവരുടെ നീണ്ട നിരയാണ് മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയിയുടെ നേതൃത്വത്തിൽ കെ.പി.സി.സി ആസ്ഥാനത്ത് ഇന്നെത്തിയത്. രണ്ട് തവണയായാണ് ഇവരുടെ വിശദീകരണം അച്ചടക്ക സമിതി കേട്ടത്. ആദ്യം മുതിർന്ന നേതാക്കൾ. ശേഷം ബ്ലോക്ക് പ്രസിഡന്റുമാരും പോഷക സംഘടനകളുടെ അധ്യക്ഷന്മാരും. സ്വയം നീതീകരണം ഉണ്ടാകുമെന്നു എടുത്തുചാടി തീരുമാനം എടുക്കില്ലെന്നും സിറ്റിങ്ങിനു ശേഷം മാധ്യമങ്ങളെക്കണ്ട തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
കഴിഞ്ഞ രണ്ട് തവണത്തെ സിറ്റിങ്ങിലും ആര്യാടൻ ഷൗക്കത്തിന്റെയും അദ്ദേഹത്തിനൊപ്പം നിലകൊള്ളുന്നവരുടെയും വാദങ്ങളാണ് അച്ചടക്ക സമിതി കേട്ടത്. ഫലസ്തീൻ ഐക്യദാർഢ്യ പരിപാടി സംബന്ധിച്ച് പറയാനുള്ളതെല്ലാം അച്ചടക്ക സമിതിക്ക് മുന്നിൽ പറഞ്ഞിട്ടുണ്ടെന്നാണ് ആര്യാടൻ ഷൗക്കത്ത് മീഡിയവൺ എഡിറ്റോറിയലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.