Kerala
Violation of the elder lady, case ,SHO Smithesh, bailable sections, latest malayalam news
Kerala

വയോധികയോട് പരാക്രമം; എസ്.എച്ച്.ഒ സ്മിതേഷിനെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകൾ പ്രകാരം കേസെടുത്തു

Web Desk
|
17 April 2023 5:38 AM GMT

അസഭ്യം പറഞ്ഞതിനോ സ്ത്രീത്വത്തെ അപമാനിച്ചതിനോ കേസെടുത്തിട്ടില്ല

കണ്ണൂർ: ധർമ്മടത്ത് മകനെ ജാമ്യത്തിൽ ഇറക്കാൻ പൊലീസ് സ്റ്റേഷനിൽ എത്തിയ വയോധികയോട് അപമര്യാദയായി പെരുമാറിയ എസ്.എച്ച്.ഒ സ്മിതേഷിനെതിരെ കേസെടുത്തു. തടഞ്ഞുവെക്കൽ [ഐപിസി 340], കൈകൊണ്ട് അടിച്ചു പരിക്കേൽപ്പിക്കൽ [ഐപിസി 323], വടി കൊണ്ടോ കമ്പി കൊണ്ടോ അടിച്ചു പരിക്കേൽപ്പിക്കൽ [ഐപിസി 324], നാശനഷ്ടം ഉണ്ടാക്കൽ [ഐപിസി 427] എന്നിങ്ങനെ ജാമ്യം ലഭിക്കുന്ന വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. അസഭ്യം പറഞ്ഞതിനോ സ്ത്രീത്വത്തെ അപമാനിച്ചതിനോ കേസെടുത്തിട്ടില്ല. കസ്റ്റഡിയിലെടുത്ത സുനിൽകുമാർ എ.എസ്. പി യ്ക്ക് നൽകിയ പരാതിയിലാണ് ധർമ്മടം പൊലീസ് കേസെടുത്തത്.

പ്രാഥമിക അന്വേഷണത്തിന് ശേഷം സ്മിതേഷിനെ ഇന്നലെ സസ്‌പെൻഡ് ചെയ്തിരുന്നു. സ്മിതേഷിന്‍റെ നാലാമത് സസ്പെൻഷനാണിത്. മദ്യലഹരിയിലായിരുന്ന സ്മിതേഷ് കസ്റ്റഡിയിലെടുത്ത സുനിൽ കുമാറിനെ മർദിച്ചിരുന്നു, ധർമ്മടം എസ്.എച്ച്.ഒയുടെത് മോശം പെരുമാറ്റമാണെന്നും സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ പറഞ്ഞു. സി.ഐ കെ. സ്മിതേഷ് മദ്യപിച്ച് മഫ്തിയിൽ എത്തിയിരുന്നുവെന്നും വലിയ തോതിൽ അതിക്രമം കാണിച്ചുവെന്നുമായിരുന്നു സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. തൊട്ടുപിന്നാലെ സിറ്റി പോലീസ് കമ്മീഷണർ തലശ്ശേരി ഓഫീസിലെത്തി സി.ഐയെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തുകയായിരുന്നു.

മകനെ ജാമ്യത്തിൽ ഇറക്കാനെത്തിയ വയോധികയോടാണ് എസ്.എച്ച്.ഒ, കെ.വി സ്മിതേഷ് ആക്രോശിച്ചത്. അസഭ്യം പറയുകയും ഇവർ സഞ്ചരിച്ച വാഹനത്തിന്റെ ചില്ലുകൾ അടിച്ചു തകർക്കുകയും ചെയ്തു. ധർമ്മടം പോലീസ് കസ്റ്റഡിയിലെടുത്ത അനിൽകുമാറിനെ ജാമ്യത്തിൽ ഇറക്കുന്നതിനായി സ്റ്റേഷനിലെത്തിയ അമ്മയ്ക്കും സഹോദരനും എതിരെയാണ് സി.ഐ സ്മിതേഷ് അപമര്യാദയായി പെരുമാറിയത്. മദ്യപിച്ച് വാഹനമോടിച്ചതുമായി ബന്ധപ്പെട്ടാണ് അനിൽകുമാറിനെ കസ്റ്റഡിയിലെടുത്തത്. എസ്.എച്ച്.ഒയുടെ പരാക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അനിൽകുമാറിന്റെ അമ്മയെ ഇയാൾ തള്ളിയിട്ടതായി ആരോപണമുണ്ട്. അമ്മ നിലത്ത് വീണു കിടക്കുന്ന സമയത്ത് എഴുന്നേറ്റ് പോകാൻ ആവശ്യപ്പെട്ട് ഇയാൾ ആക്രോശിക്കുന്നതും കാണാം.

Similar Posts